ചാമ്പ്യൻസ് ട്രോഫി ക്രിക്കറ്റിൽ പാകിസ്ഥാനെ തകർത്ത് സെമി ഉറപ്പിച്ച് ഇന്ത്യ. പാകിസ്ഥാൻ ഉയർത്തിയ 242 റൺസ് വിജയലക്ഷ്യം ഇന്ത്യ നാല് വിക്കറ്റ് മാത്രം നഷ്ടത്തിൽ 42.3 ഓവറിൽ മറികടന്നു. 51-ാം ഏകദിന സെഞ്ചുറി നേടിയ വിരാട് കോലി 100 റൺസുമായി പുറത്താകാതെ നിന്ന് പടനയിച്ചപ്പോൾ 56 റൺസടിച്ച ശ്രേയസ് അയ്യരും 46 റൺസടിച്ച ശുഭ്മാൻ ഗില്ലും ഇന്ത്യക്കായി തിളങ്ങി. ക്യാപ്റ്റൻ രോഹിത് ശർമ 20 റൺസെടുത്ത് പുറത്തായപ്പോൾ ഹാർദ്ദിക് പാണ്ഡ്യ എട്ട് റൺസെടുത്ത് മടങ്ങി. മൂന്ന് റൺസുമായി അക്സർ പട്ടേൽ കോലിക്കൊപ്പം വിജയത്തിൽ കൂട്ടായി.
നേരത്തെ ടോസ് നേടി ബാറ്റിംഗിനിറങ്ങിയ പാകിസ്ഥാൻ 49.4 ഓവറിൽ 241 റൺസിന് ഓൾ ഔട്ടാവുകയായിരുന്നു.62 റൺസെടുത്ത സൗദ് ഷക്കീലാണ് പാകിസ്ഥാൻറെ ടോപ് സ്കോറർ. ബാബർ അസം 23 റൺസെടുത്ത് പുറത്തായപ്പോൾ ക്യാപ്റ്റൻ മുഹമ്മദ് റിസ്‌വാൻ 46 റൺസടിച്ചു. ഇന്ത്യക്കായി കുൽദീപ് യാദവ് മൂന്നും ഹാർദ്ദിക് പാണ്ഡ്യ രണ്ടും വിക്കറ്റ് വീതം വീഴ്ത്തിയപ്പോൾ അക്സർ പട്ടേലും രവീന്ദ്ര ജഡേജയും ഹർഷിത് റാണയും ഓരോ വിക്കറ്റ് വീതം വീഴ്ത്തി.ഇന്ത്യക്കായി കുൽദീപ് യാദവ് 10 ഓവറിൽ 40 റൺസിന് 3 വിക്കറ്റെടുത്തപ്പോൾ ഹാർദ്ദിക് പാണ്ഡ്യ 8 ഓവറിൽ 31 റൺസിന് രണ്ട് വിക്കറ്റെടുത്തു.
Discussion about this post