സിപിഎം കോട്ടയം ജില്ലാ സെക്രട്ടറി എ.വി.റസല്‍ (60) അന്തരിച്ചു. ചെന്നൈ അപ്പോളോ ആശുപത്രിയിലായിരുന്നു അന്ത്യം. അര്‍ബുദബാധിതനായി ചികിത്സയില്‍ കഴിയുകയായിരുന്നു. ഒരു മാസം മുമ്പാണ് റസല്‍ പാര്‍ട്ടി ജില്ലാ സെക്രട്ടറിയായി വീണ്ടും തിരഞ്ഞെടുക്കപ്പെട്ടത്. ശസ്ത്രക്രിയയ്ക്ക് ശേഷം വീട്ടിലേക്ക് മടങ്ങാനിരിക്കെയായിരുന്നു അന്ത്യം.മുന്‍ ജില്ലാ സെക്രട്ടറിയിരുന്ന വി.എന്‍. വാസവന്‍ കഴിഞ്ഞ ലോക്സഭാ തിരഞ്ഞെടുപ്പിലും പിന്നീട് നിയമസഭാ തിരഞ്ഞെടുപ്പിലും മത്സരിച്ചപ്പോള്‍ റസല്‍ രണ്ടു തവണ ജില്ലാ സെക്രട്ടറിയുടെ ചുമതലയിലെത്തിയിരുന്നു. വി.എൻ. വാസവൻ മന്ത്രിയായതോടെ റസൽ സെക്രട്ടറി സ്‌ഥാനത്ത് തുടർന്നു.
2022 ജനുവരിയിലാണ് എ.വി.റസൽ ആദ്യം സെക്രട്ടറിയായത്. 1981-ൽ പാർട്ടിയംഗമായ റസൽ 13 വർഷം ചങ്ങനാശ്ശേരി ഏരിയാ സെക്രട്ടറിയായിരുന്നു. 15 വർഷമായി ജില്ലാ സെക്രട്ടേറിയറ്റിലും 28 വർഷമായി ജില്ലാക്കമ്മിറ്റിയിലും അംഗമാണ്. ഡി.വൈ.എഫ്.ഐ. സംസ്ഥാന വൈസ് പ്രസിഡന്റും കേന്ദ്രകമ്മിറ്റിയംഗവുമായിരുന്നു. സി.ഐ.ടി.യു. അഖിലേന്ത്യാ വർക്കിങ് കമ്മിറ്റി അംഗമാണ്. 2006-ൽ ചങ്ങനാശ്ശേരിയിൽനിന്ന് നിയമസഭയിലേക്ക് മത്സരിച്ചിരുന്നു. 2000-05-ൽ ജില്ലാ പഞ്ചായത്ത് അംഗവുമായിരുന്നു..
ചങ്ങനാശ്ശേരി പെരുമ്പനച്ചി ആഞ്ഞിലിമൂട്ടില്‍ എ.കെ.വാസപ്പന്റെയും പി.ശ്യാമയുടെയും മകനാണ്. സിപിഎം അംഗമായ ബിന്ദുവാണ് ഭാര്യ. ചാരുലതയാണ് മകള്‍. മരുമകന്‍ അലന്‍ ദേവ്.