”ആ ഹെൽമറ്റ് പൊന്നുപോലെ സൂക്ഷിക്കണം; ഫൈനലിലേക്കുള്ള പാത തുറന്നത് ആ ഹെൽമറ്റിൽ തട്ടിയായിരുന്നു’

ക്ഷമയുടെ, ചെറുത്തുനിൽപ്പിന്റെ, പോരാട്ടവീര്യത്തിന്റെ സമ്മിശ്രമായ ആവേശ ക്രിക്കറ്റിനാണ് കഴിഞ്ഞ അഞ്ച് ദിവസങ്ങളിലായി അഹമ്മദാബാദിലെ നരേന്ദ്ര മോദി സ്‌റ്റേഡിയം സാക്ഷ്യം വഹിച്ചത്. ഒരുപക്ഷെ സമീപകാലത്തെ ഏറ്റവും മികച്ച ആഭ്യന്തര മത്സരങ്ങളിലൊന്ന്. എല്ലാത്തിനുമൊടുവിൽ കാലത്തിന്റെ കാവ്യനീതിയെന്നപോലെ കേരളത്തിന്റെ ഫൈനൽ പ്രവേശനവും.
ഗുജറാത്തിന്റെ അവസാന വിക്കറ്റ് ചെറുത്തുനിൽപ്പ് കണ്ട ആരും ഇങ്ങനെയൊരു ട്വിസ്റ്റുണ്ടാകുമെന്ന് പ്രതീക്ഷിച്ചുകാണില്ല.

”ആ ഹെൽമറ്റ് പൊന്നുപോലെ സൂക്ഷിക്കണം, ഫൈനലിലേക്കുള്ള പാത തുറന്നത് ആ ഹെൽമറ്റിൽ തട്ടിയായിരുന്നു’

ഒരുവേള കമന്ററി ബോക്‌സിൽ നിന്നുപോലും പറഞ്ഞു. ജമ്മു കശ്മീരിനെ മറികടന്നപോലെ ഗുജറാത്തിനെ എളുപ്പത്തിൽ വീഴ്ത്താനാൻ കേരളത്തിനാവില്ലെന്ന്. അവിവെച്ചടിവെച്ച് കരുതലോടെ ഓരോ റണ്ണും സ്‌കോർബോർഡിൽ ചേർക്കുമ്പോൾ ആതിഥേയ ഡഗൗട്ട് പ്രതീക്ഷയോടെ ഹർഷാരവങ്ങളായിരുന്നു. മറുഭാഗത്ത് അവസാന വിക്കറ്റ് ലക്ഷ്യമിട്ട് സ്പിന്നർമാരായ ജലജ് സക്‌സേനെയേയും ആദിത്യ സർവാതേയും മാറിമാറി പരീക്ഷിച്ച് കേരള നായകൻ സച്ചിൻബേബി. ഗുജറാത്തിന് അപ്പോൾ ഒന്നാം ഇന്നിങ്‌സിലെ നിർണായക ലീഡിനായി വേണ്ടിയിരുന്നത് മൂന്നേ മൂന്ന് റൺസ്. ആഭ്യന്തര ക്രിക്കറ്റിലെ അത്യാവേശത്തിന്റെ പരകോടിയിൽ ലോകത്തിലെ ഏറ്റവും വലിയ മൈതാനമായ നരേന്ദ്രമോദി സ്‌റ്റേഡിയം. കേരളത്തിന്റെ ആദിത്യ സർവാതേ എറിഞ്ഞ 175ാം ഓവറിലെ നാലാമത്തെ പന്ത്. അതുവരെ പുലർത്തിയ പ്രതിരോധത്തിൽ നിന്ന് മാറി അർസാൻ നാഗസ്വല്ല മികച്ചൊരു അറ്റാക്കിങ് ഷോട്ടിന് ശ്രമിച്ചു. നേരെ ചെന്നുപതിച്ചത് ഷോട്ട് ലെഗ്ഗിൽ ഫീൽഡ് ചെയ്യുകയായിരുന്ന സൽമാൻ നിസാറിന്റെ ഹെൽമറ്റിൽ. തട്ടിതിരിഞ്ഞ ബോൾ സ്ലിപ്പിൽ ഫീൽഡ് ചെയ്യുകയായിരുന്ന കേരള നായകൻ സച്ചിൻ ബേബിയുടെ കൈകളിലേക്ക്. കേരളം ചരിത്രത്തിലാദ്യമായി രഞ്ജി ട്രോഫി ഫൈനലിൽ. ഒരുപക്ഷെ ആ പന്ത് സൽമാൻ നിസാറിന്റെ ഹെൽമറ്റിൽ തട്ടിയില്ലെങ്കിൽ കേരളത്തിന്റെ പ്രതീക്ഷകൾ അവിടംകൊണ്ടു തീരുമായിരുന്നു. കുറച്ച് ശ്രമകരമായതാണെങ്കിലും തൊട്ടുമുൻപ് നഷ്ടപ്പെടുത്തിയ ക്യാച്ചിനുള്ള പ്രായശ്ചിത്വം കൂടിയായി അറിഞ്ഞോ അറിയാതെയോ തന്റെ ഹെൽമറ്റിൽ തട്ടിതിരിഞ്ഞ് പോയ ആ ക്യാച്ച്. ആ ഹെൽമറ്റ് ഉയർത്തികാട്ടിയാണ് കേരള താരങ്ങൾ മൈതാനം വിട്ടത്.

Exit mobile version