നീണ്ട പരസ്യം പ്രദർശനം; പിവിആർ ഐനോക്സിന് ഒരു ലക്ഷം രൂപ പിഴ 

സിനിമ കൃത്യസമയത്ത് തുടങ്ങാതെ പരസ്യം കാണിച്ച് സമയം കളഞ്ഞെന്ന പരാതിയിൽ പിവിആർ – ഐനോക്സിന് പിഴ. പരാതിക്കാരന് 28,000 രൂപ നഷ്ടപരിഹാരമായും ഒരു ലക്ഷം രൂപ പിഴയായും നൽകാൻ ബെംഗളൂരു ഉപഭോക്തൃ കോടതി വിധിച്ചു. ബെംഗളൂരു സ്വദേശി അഭിഷേക് എം ആർ ആണ് പരാതി നൽകിയത്.

2023-ൽ സാം ബഹദൂർ എന്ന സിനിമ കാണാൻ പോയ തനിക്ക് സിനിമ കഴിഞ്ഞ് കൃത്യസമയത്ത് ജോലിക്കെത്താൻ കഴിഞ്ഞില്ലെന്നാണ് അഭിഷേക് നൽകിയ പരാതിയിൽ പറയുന്നത്. 4.05ന് സിനിമ തുടങ്ങി 6.30ന് അവസാനിക്കും എന്നാണ് ബുക്ക് മൈ ഷോയിൽ കാണിച്ചിരുന്നത്. എന്നാൽ പരസ്യം കഴിഞ്ഞ് 4.30നാണ് സിനിമ തുടങ്ങിയതെന്ന് യുവാവ് പറഞ്ഞു. ഇതോടെ തനിക്ക് അര മണിക്കൂർ നഷ്ടമായെന്ന് യുവാവ് പറയുന്നു. ബുക്ക് മൈ ഷോയിൽ കാണിച്ച സമയത്തിൽ നിന്നും 25 മിനിറ്റ് വൈകിയാണ് പടം തുടങ്ങിയത്. ഇത് കാരണം താൻ ജോലിക്കെത്താൻ വൈകിയെന്ന് പരാതിക്കാരൻ പറയുന്നു. കാണികളെ അനാവശ്യമായി അരമണിക്കൂറോളം തിയറ്ററിൽ പിടിച്ചിരുത്തി പരസ്യം കാണിക്കാൻ പിവിആറിന് അവകാശമില്ലെന്ന് കോടതി വ്യക്തമാക്കി. ബുക്കിങ് ആപ്പുകളിൽ പരസ്യം തുടങ്ങുന്ന സമയമല്ല, സിനിമ തുടങ്ങുന്ന സമയമാണ് കാണിക്കേണ്ടതെന്നും കോടതി നിർദ്ദേശം നൽകി.

Exit mobile version