മുണ്ടക്കൈ-ചൂരൽമല ഉരുൾപൊട്ടൽ ദുരന്തബാധിതരുടെ ജനകീയ സമിതി സമരത്തിലേക്ക്

സർക്കാരിനെതിരെ മുണ്ടക്കൈ-ചൂരൽമല ഉരുൾപൊട്ടൽ ദുരന്തബാധിതരുടെ ജനകീയ സമിതി സമരത്തിലേക്ക്. ദുരന്തം ഉണ്ടായി ഏഴുമാസമായിട്ടും ഗുണഭോക്താക്കളുടെ പൂർണ ലിസ്റ്റ് പുറത്തുവിടാൻ വൈകുന്നു എന്നാണ് ഇവരുടെ പരാതി. ജനകീയ സമിതിയും പഞ്ചായത്തും ചേർന്ന് സർക്കാരിൻ്റെ ലിസ്റ്റ് സമർപ്പിച്ചതാണ് എന്ന് മനോജ് ജെ എം ജെ ട്വൻ്റിഫോറിനോട് പറഞ്ഞു. ഇത് പരിശോധിച്ച ശേഷം അംഗീകരിച്ചാൽ മാത്രം മതിയാകുമെന്ന് വ്യക്തമാക്കിയിട്ടുണ്ട്.

ദുരന്തം നടന്നിട്ട് ഏഴ് മാസത്തോളമായി. പൂർണമായുള്ള ഗുണഭോക്താക്കളുടെ പട്ടിക പുറത്തിറക്കാൻ കഴിഞ്ഞിട്ടില്ല. അതിൻ്റെ അടിസ്ഥാനത്തിൽ നിരവധി പേർക്ക് ആശങ്കയുണ്ട്. തങ്ങൾക്ക് വീടുകൾ കിട്ടുമോയെന്ന് ആശങ്കപ്പെടുന്ന ദുരന്തബാധിതരുണ്ട്. തുടക്കത്തിൽ ഏകദിന ഉപവാസമാണ് ഉദ്ദേശിക്കുന്നത്. അതിനപ്പുറത്തേക്കുള്ള സമരപരിപാടികൾക്ക് വേണ്ടി വന്നാൽആസൂത്രണം ചെയ്യും – മനോജ് ജെ എം ജെ വ്യക്തമാക്കി.

വീട് ലഭിക്കുന്ന കാര്യങ്ങളിൽ പലർക്കും സംശയമുണ്ട്. നെടുമ്പാല എസ്റ്റേറ്റിലും എൽസ്റ്റൺ എസ്റ്റേറ്റിലും 10 സെൻ്റ് ഭൂമിയിൽ വീട് നിർമ്മിക്കണമെന്ന ജനകീയ സമിതിയുടെ ഈ ആവശ്യം സർക്കാർ ഇതുവരെ പരിഗണിച്ചിട്ടില്ല. ഇരു എസ്റ്റേറ്റുകളും ഒന്നിച്ച് ഏറ്റെടുത്ത് പുനരധിവാസം വേഗത്തിൽ ആക്കണം. രണ്ട് ഘട്ടമായി ഏറ്റെടുക്കുന്നത് അനുവദിക്കാൻ കഴിയില്ല. ആദ്യഘട്ട സമരം എന്ന നിലയിൽ കലക്ടറേറ്റിനു മുന്നിൽ തിങ്കളാഴ്ച ദുരന്തബാധിതരുടെ ഉപവാസം നടത്തും – ജനകീയ സമിതി വ്യക്തമാക്കുന്നു.

Exit mobile version