തിരുവനന്തപുരത്ത് അറബിക് കോളേജിൽ 13കാരന് ലൈംഗിക പീഡനം; വൈസ് പ്രിൻസിപ്പലടക്കം 7പേർക്കെതിരെ കേസെടുത്ത് പൊലീസ്

sexual assault 13 year old boy

തിരുവനന്തപുരം കല്ലമ്പലത്ത് അറബിക് കോളേജ് ഹോസ്റ്റലിൽ താമസിച്ചിരുന്ന പ്രായപൂർത്തിയാകത്ത 13 കാരനെ ലൈംഗിക പീഡനത്തിനിരയാക്കിയ സംഭവത്തിൽ കോളേജ് വൈസ് പ്രിൻസിപ്പൽ അടക്കം 7 പേർക്കെതിരെ കേസ്. അറബിക് കോളേജിനോടനുബന്ധിച്ചുള്ള ഹോസ്റ്റലിൽ താമസിച്ചു പഠിക്കുന്ന 13 വയസ്സുള്ള ആൺകുട്ടിയെയാണ് സീനിയർ വിദ്യാർത്ഥികൾ നിരന്തരമായി ലൈംഗിക പീഡനത്തിന് ഇരയാക്കിയിരുന്നത്.

തുടർന്ന് കുട്ടി വൈസ് പ്രിൻസിപ്പലായ മുഹമ്മദ് റഫീഖിനോട് പരാതി പറഞ്ഞു. കുട്ടിയുടെ പരാതി കേട്ട മുഹമ്മദ് റഫീഖ് ക്ഷുഭിതനായി കുട്ടിയെ മർദിക്കുകയായിരുന്നു. കുട്ടി രക്ഷിതാക്കളെ വിവരമറിയിച്ചു. തുടർന്ന് അവർ കല്ലമ്പലം പൊലീസിൽ പരാതി നൽകിയതിന് തുടർന്നാണ് സംഭവത്തിൽ പോലീസ് കേസ് എടുത്തത്.

പരാതിയുടെ അടിസ്ഥാനത്തിൽ സീനിയർ വിദ്യാർത്ഥികളായ കിളിമാനൂർ തട്ടത്തുമല ഹൈസ്കൂളിന് സമീപം താമസിക്കുന്ന മുഹമ്മദ് മുഹ്സിൻ (22), മണമ്പൂർ തോട്ടയ്ക്കാട് സ്വദേശിയായ മുഹമ്മദ് ഷമീർ (24) , മണമ്പൂർ തോട്ടയ്ക്കാട് സ്വദേശിയായ നൂർ മഹലിൽ താമസിക്കുന്ന കോളേജ് വൈസ് പ്രിൻസിപ്പൾ കൂടിയായ മുഹമ്മദ് റഫീഖ് (54)എന്നിവരെ പൊലീസ് അറസ്റ്റ് ചെയ്തു. പോക്സോ നിയമപ്രകാരം അറസ്റ്റ് ചെയ്ത പ്രതികളെ വൈദ്യ പരിശോധനയ്ക്ക് ശേഷം കോടതിയിൽ ഹാജരാക്കുകയും റിമാൻഡ് ചെയ്യുകയും ചെയ്തു.

13 കാരനെ ക്രൂരമായി പീഡനത്തിന് ഇരയാക്കിയതിൽ സീനിയർ വിദ്യാർത്ഥികളായ നാല് പ്രായപൂർത്തിയാകാത്ത കുട്ടികളും ഉൾപ്പെടുന്നു. ഇവരുടെ രക്ഷിതാക്കൾക്ക് നോട്ടീസ് നൽകി വിളിപ്പിച്ചിട്ടുണ്ട്. ഇവർക്കെതിരെ ജുവനൈൽ ജസ്റ്റിസ് ആക്ട് പ്രകാരം കേസെടുത്ത് ജുവനൈൽ കോടതിയിൽ ഹാജരാക്കുമെന്ന് കല്ലമ്പലം പൊലീസ് അറിയിച്ചു.

Exit mobile version