അനധികൃത ഇന്ത്യൻ കുടിയേറ്റക്കാരെയും കൊണ്ടുള്ള മൂന്നാമത്തെ യുഎസ് സൈനിക വിമാനം രാജ്യത്ത് എത്തി. 112 ഇന്ത്യക്കാരാണ് വിമാനത്തിലുണ്ടായിരുന്നത്. ഇന്നലെ രാത്രിയോടെയാണ് യുഎസിൽ നിന്നുള്ള വിമാനം അമൃത്സറിലെ ശ്രീ ഗുരു റാം ദാസ് ജി രാജ്യാന്തര വിമാനത്താവളത്തിൽ എത്തിയത്. അനധികൃത കുടിയേറ്റക്കാരെ യുഎസിൽനിന്നും നാടുകടത്തുമെന്ന് പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ തീരുമാനത്തെ തുടർന്നാണ് നടപടി. ഇന്ത്യയിൽ എത്തിയ 112 പേരിൽ 44 പേർ ഹരിയാനയിൽനിന്നുള്ളവരാണ്. 33 പേർ ഗുജറാത്തിൽനിന്നുള്ളവും 31 പേർ പഞ്ചാബിൽനിന്നുള്ളവരുമാണ്. ഉത്തർപ്രദേശ് സ്വദേശികളായ രണ്ടുപേരും ഉത്തരാഖണ്ഡിൽനിന്നും ഹിമാചൽപ്രദേശിൽനിന്നും ഓരോരുത്തർ വീതവും യുഎസ് നാടുകടത്തിയവരിലുണ്ട്. 19 പേർ സ്ത്രീകളാണ്. 14 പേർ പ്രായപൂർത്തിയാകാത്തവരാണ്. ഇതിൽ രണ്ടു നവജാത ശിശുക്കളും ഉണ്ടെന്ന് വൃത്തങ്ങൾ പറഞ്ഞു.
അനധികൃത കുടിയേറ്റക്കാരുമായുള്ള യുഎസിന്റെ രണ്ടാമത്തെ സൈനിക വിമാനം ലാൻഡ് ചെയ്ത് 24 മണിക്കൂറുകൾക്കുള്ളിലാണ് മൂന്നാമത്തെ വിമാനവും എത്തിയത്. ഇമിഗ്രേഷൻ, വെരിഫിക്കേഷൻ, പശ്ചാത്തല പരിശോധനകൾ എന്നിവയുൾപ്പെടെ എല്ലാ നടപടിക്രമങ്ങളും പൂർത്തിയാക്കിയ ശേഷം നാടുകടത്തപ്പെട്ടവരെ അവരുടെ വീടുകളിലേക്ക് പോകാൻ അനുവദിക്കും.
Discussion about this post