വ്യാവസായിക മേഖലയിലെ വളർച്ചയിൽ സർക്കാരിനെ പ്രശംസിച്ച കോൺഗ്രസ് എം പി ശശി തരൂരിന്റെ നിലപാടിനെ പരാമർശിച്ച് സിപിഐ, സിപിഐഎം മുഖപത്രത്തിൽ ലേഖനങ്ങൾ. തരൂരിന്റെ അഭിപ്രായ പ്രകടനം സംസ്ഥാനത്തിന്റെ വസ്തുനിഷ്ഠ യാഥാർത്ഥ്യങ്ങൾ ഉൾക്കൊള്ളുന്നതാണെന്ന് ‘ശശി തരൂർ പറഞ്ഞതിലെ നേര്’ എന്ന തലക്കെട്ടോടെ സിപിഐ മുഖപത്രം ജനയുഗത്തിൽ എഴുതിയ ലേഖനത്തിൽ പറയുന്നു. സംസ്ഥാന ഭരണത്തിലെ ഏതെങ്കിലും വ്യക്തികളെയോ എൽഡിഎഫ് നേതാക്കളെയോ പ്രീണിപ്പിക്കുന്നതിന് വേണ്ടിയല്ല ലേഖനം. യാഥാർത്ഥ്യം വിളിച്ചുപറയുകയാണ് തരൂർ. ഓരോ വകുപ്പിന് കീഴിലും ഇത്തരത്തിൽ മികവിന്റെ നിരവധി ഉദാഹരണങ്ങൾ എടുത്തുപറയുവാനുണ്ടെന്നും ജനയുഗം പറയുന്നു.
വിഷയത്തിൽ കോൺഗ്രസിനെ വിമർശിച്ചാണ് ദേശാഭിമാനി എഡിറ്റോറിയൽ. നാട് ഭരണ മികവിന്റെ യഥാർത്ഥ ചിത്രം കണ്ടറിയുമ്പോൾ ഇതൊന്നും ഈ നാട്ടിൽ സംഭവിക്കുന്നില്ലെന്ന് പറയാൻ അസാമാന്യ തൊലാക്കട്ടിയും ഉളുപ്പില്ലായ്മയും വേണം. പ്രതിപക്ഷ നേതാവും ഒരുപറ്റം കോൺഗ്രസുകാരും ചില മാധ്യമങ്ങളും ഈ ഗണത്തിൽ പെടും എന്ന് പറയേണ്ടി വരുന്നതിൽ ഖേദമുണ്ട്. ഒന്നിനെയും അംഗീകരിക്കില്ല എന്നതാണ് ഇവരുടെ നയം. തരൂരിനെയും ഇക്കൂട്ടർ തള്ളിപ്പറയുന്നു. കേന്ദ്രം കേരളത്തെ ദ്രോഹിക്കുമ്പോൾ കയ്യടിക്കുന്നു. ഈ നീചമനസ്ഥിതി കേരളം തിരിച്ചറിയണമെന്നും എഡിറ്റോറിയൽ വിമർശിക്കുന്നു.
എന്നാൽ വിവാദങ്ങൾക്കിടെ ശശി തരൂരിനെതിരെ കോൺഗ്രസ് മുഖപത്രമായ വീക്ഷണത്തിൽ ലേഖനം പ്രത്യക്ഷപ്പെട്ടു. ‘ആരാച്ചാർക്ക് അഹിംസ അവാർഡോ?’ എന്ന തലക്കെട്ടിൽ എഴുതിയ എഡിറ്റോറിയലിലാണ് തരൂരിനെതിരെ രൂക്ഷവിമർശനം ഉയർത്തുന്നത്. അനാവശ്യ വിവാദം സൃഷ്ടിച്ച് വരാനിരിക്കുന്ന തദ്ദേശ സ്വയംഭരണ സ്ഥാപനതിരഞ്ഞെടുപ്പിൽ യുഡിഎഫിന്റെ വിജയപ്രതീക്ഷയെ കുരുതികൊടുക്കരുതെന്ന വിമർശനത്തോടെയാണ് എഡിറ്റോറിയൽ ആരംഭിക്കുന്നത്.
Discussion about this post