വിവാഹനിശ്ചയത്തിന് പിന്നാലെ ജീവനൊടുക്കിയ 19-കാരിയുടെ ആണ്‍സുഹൃത്തും ആത്മഹത്യചെയ്തു. മഞ്ചേരി തൃക്കലങ്ങോട് കാരക്കുന്ന് സ്വദേശി സജീറി(19)നെയാണ് എടവണ്ണയില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. പെണ്‍കുട്ടിയുടെ മരണത്തിന് പിന്നാലെ കൈഞരമ്പ് മുറിച്ച് ആത്മഹത്യാശ്രമം നടത്തിയ സജീര്‍ ചികിത്സയിലായിരുന്നു. കഴിഞ്ഞദിവസം ആശുപത്രിയിൽനിന്ന് പുറത്തുചാടിയ ഇയാളെ ഇതിനുപിന്നാലെയാണ് തൂങ്ങിമരിച്ചനിലയിൽ കണ്ടെത്തിയത്.
ഫെബ്രുവരി മൂന്നാം തീയതി തിങ്കളാഴ്ചയാണ് കാരക്കുന്ന് ആമയൂര്‍ റോഡ് പുതിയത്ത് വീട്ടില്‍ ഷൈമ സിനിവറി(19)നെ വീട്ടില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയത്. സംഭവത്തിന് മൂന്നുദിവസം മുമ്പ് ഷൈമയുടെ വിവാഹം നിശ്ചയിച്ചിരുന്നു. അടുത്തദിവസം നിക്കാഹ് ചടങ്ങ് നടക്കാനിരിക്കെയായിരുന്നു ഷൈമ ജീവനൊടുക്കിയത്.
ഇതിനുപിന്നാലെയാണ് അതേദിവസംതന്നെ ഷൈമയുടെ അയല്‍വാസിയും സുഹൃത്തുമായ സജീറിനെ കൈഞരമ്പ് മുറിച്ചനിലയില്‍ കണ്ടെത്തിയത്. തുടര്‍ന്ന് യുവാവിനെ അവശനിലയില്‍ മഞ്ചേരി മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു. എന്നാല്‍, കഴിഞ്ഞദിവസം ആശുപത്രിയിൽനിന്ന് ആരുമറിയാതെ പുറത്തുകടന്ന യുവാവ് എടവണ്ണയിലെത്തി മരത്തില്‍ തൂങ്ങിമരിക്കുകയായിരുന്നു.
Discussion about this post