വയനാട്ടിൽ വീണ്ടും കാട്ടാന ആക്രമണം. അട്ടമല ഏറാട്ട്കുണ്ട് സ്വദേശി ബാലകൃഷ്ണൻ (27) മരിച്ചു. ഇന്നലെ രാത്രിയായിരുന്നു സംഭവം. രാവിലെയാണ് മൃതദേഹം കണ്ടെത്തിയത്.
കഴിഞ്ഞദിവസം വയനാട് നൂൽപ്പുഴയിലും കാട്ടാന ആക്രമണത്തിൽ ഒരാൾ കൊല്ലപ്പെട്ടിരുന്നു. നൂൽപ്പുഴ കാപ്പാട് ഉന്നതിയിലെ മനു(45) ആണ് മരിച്ചത്. കടയിൽ പോയി സാധനങ്ങൾ വാങ്ങി തിരികെ വരുമ്പോഴാണ് ആക്രമണം ഉണ്ടായത്. മാനുവിനെ പിടികൂടിയ കാട്ടാന എറിഞ്ഞു കൊല്ലുകയായിരുന്നു.നിരന്തരം കാട്ടാനയുടെ ശല്യമുള്ള പ്രദേശമാണിതെന്ന് ജനപ്രതിനിധികളടക്കം സാക്ഷ്യപ്പെടുത്തുന്നു. വിഷയം നിരന്തരം അധികൃതരുടെ ശ്രദ്ധയിൽപ്പെട്ട മേപ്പാടി വാർഡ് മെമ്പർ പറയുന്നു.
അതേസമയം, വനപ്രദേശങ്ങളിൽ ഉണ്ടാകുന്ന വന്യജീവി ആക്രമണങ്ങളിൽ ആദിവാസി വിഭാഗത്തിൽപ്പെട്ട കൂടുതൽ പേര് മരിക്കാൻ ഇടയായ സംഭവം പരിശോധിച്ച് തുടർനടപടികൾ സ്വീകരിച്ചു. ദുരന്തനിവാരണ വിഭാഗം അടിയന്തരയോഗം വിളിച്ചുവെന്ന് വനം-വന്യജീവി വകുപ്പ് മന്ത്രിയുടെ ഓഫീസ്. ഇന്ന് വൈകുന്നേരം 4.45-ന് ഓൺലൈൻ യോഗം വിളിച്ചിട്ടുണ്ട്. ദുരന്തനിവാരണ വകുപ്പിൻ്റെ പ്രിൻസിപ്പൽ സെക്രട്ടറി, ചീഫ് വൈൽഡ് ലൈഫ് വാർഡൻ, ഈസ്റ്റൺ സർക്കിൾ സി.സി.എഫ്, നോർത്തേൺ സർക്കിൾ സി.സി.എഫ്, വയനാട് ജില്ലാ കളക്ടർ, വയനാട് ജില്ലാ പോലീസ് മേധാവി, വയനാട് വൈൽഡ് ലൈഫ് വാർഡൻ, വയനാട് നോർത്ത് സൗത്ത് ഡിവിഷനിലെ ഡി.എഫ്.ഒ മാർ, ജില്ലാ ട്രൈബൽ ഓഫീസർ, ദുരന്തനിവാരണ അതോറിറ്റി മെമ്പർ സെക്രട്ടറി തുടങ്ങിയവർ യോഗത്തിൽ പങ്കെടുക്കും.