സംസ്ഥാനത്ത് സ്വർണവില റെക്കോർഡ് വേഗത്തിൽ മുന്നേറ്റം തുടരുന്നു. പവന് 640 രൂപയുടെ വർധനവാണ് ഉണ്ടായിരിക്കുന്നത്. ഇതോടെ ഒരു പവൻ സ്വർണത്തിന്റെ ഇന്നത്തെ വില 64,480 രൂപയാണ്. 22 കാരറ്റ് ഗ്രാമിന് 80 രൂപ വർധിച്ച് 8060 രൂപയിലെത്തി. ചരിത്രത്തിൽ ആദ്യമായാണ് ഗ്രാം നിരക്ക് 8000 കടക്കുന്നത്. ഇതോടെ ഫെബ്രുവരിയിൽ മാത്രം 2520 രൂപയാണ് പവന് വർധിച്ചത്. കഴിഞ്ഞ മാസം 22നാണ് പവൻ വില ചരിത്രത്തിൽ ആദ്യമായി അറുപതിനായിരം കടന്നത്.
ഇന്നത്തെ വെള്ളി വില ഗ്രാമിന് 107 രൂപയും കിലോഗ്രാമിന് 1,07,000 രൂപയുമാണ് വിപണി വില. രാജ്യത്തെ കമ്മോഡിറ്റി വിപണിയായ എംസിഎക്‌സിൽ 10 ഗ്രാം 24 കാരറ്റ് സ്വർണത്തിന്റെ വില എക്കാലത്തെയും ഉയർന്ന നിരക്കായ 86,350 രൂപയിലെത്തി. അന്താരാഷ്ട്ര വിപണിയിൽ ഒരു ട്രോയ് ഔൺസ് സ്വർണത്തിന്റെ വില 3,000 ഡോളറിലേയ്ക്ക് അടുക്കുകയാണ്.
ഇന്ന് ഒരു പവൻ സ്വർണം ആഭരണം വാങ്ങുമ്പോൾ 70000 രൂപ വരെ ചെലവ് വരാനാണ് സാധ്യത. ഒരു പവൻ സ്വർണത്തിന്റെ കൂടെ അഞ്ച് ശതമാനം കുറഞ്ഞ പണിക്കൂലിയും മൂന്ന് ശതമാനം ജിഎസ്ടിയും ഹാൾമാർക്കിങ് ചാർജും ഉപഭോക്താവ് നൽകണം. ഡിസൈൻ കൂടുതലുള്ള ആഭരണങ്ങളാണ് എങ്കിൽ വില വീണ്ടും ഉയരും.
സ്റ്റീലിനും അലുമിനിയത്തിനും 25 ശതമാനം ഇറക്കുമതി തീരുവ ഏർപ്പെടുത്താൻ ട്രംപ് ഭരണകൂടം തീരുമാനിച്ചതാണ് രണ്ടു ദിവസമായുള്ള സ്വർണ വിലയിലെ മുന്നേറ്റത്തിന് പിന്നിലെന്നാണ് വിലയിരുത്തൽ. ഈ മാസത്തെ ഏറ്റവും കുറവ് സ്വർണനിരക്ക് രേഖപ്പെടുത്തിയത് ഫെബ്രുവരി മൂന്നിനായിരുന്നു. അന്ന് ഒരു പവൻ സ്വർണത്തിന്റെ വില 61,640 രൂപയായിരുന്നു. രാജ്യാന്തര വിപണിയിലെ അനിശ്ചിതത്വം സ്വർണവിലയെ സ്വാധീനിക്കുന്നതായാണ് വിദഗ്ധരുടെ വിലയിരുത്തൽ. 2025-ന്റെ തുടക്കത്തിൽ 57,200 രൂപയായിരുന്നു സ്വർണവില.
Gold price to touch 65000.
Discussion about this post