വയനാട് നൂൽപ്പുഴയിൽ കാട്ടാന ആക്രമണത്തിൽ യുവാവിന് ദാരുണാന്ത്യം

elephant attack at Noolpuzha in Kerala’s Wayanad

സുൽത്താൻ ബത്തേരി നൂൽപ്പുഴയിൽ കാട്ടാന ആക്രമണത്തിൽ യുവാവിന് ദാരുണാന്ത്യം. മാനു(45) എന്ന യുവാവാണ് മരിച്ചത്. തമിഴ്നാട്ടിൽ നിന്നും കാപ്പാട് ഉന്നതിയിലേയ്ക്ക് വിരുന്നിനെത്തിയ ഇരവരും ബസിറങ്ങി നടന്ന് വരവെയാണ് കാട്ടാന ആക്രമിച്ചതെന്നാണ് വിവരം. വീടിനടുത്ത വയലിൽ മൃതദേഹം കണ്ടെത്തുകയായിരുന്നു. മാനുവിൻ്റെ മൃതദേഹം കിടന്നതിന് സമീപം കാട്ടാനയുടെ കാൽപ്പാടുകൾ കണ്ടെത്തി. ഇൻക്വസ്റ്റ് നടപടികൾ പൂർത്തിയാക്കി മൃതദേഹം പോസ്റ്റ്‌മോർട്ടത്തിനായി കൊണ്ടുപോകും. മാനുവിന്റെ ഭാര്യ ചന്ദ്രിക സുരക്ഷിതയാണ്. അപകടത്തിന് ശേഷം ചന്ദ്രികയെ കാണാതെയായിരുന്നു, തുടർന്ന് കണ്ടെത്തി.

കഴിഞ്ഞ ദിവസം ഇടുക്കിയിൽ കാട്ടാന ആക്രമണത്തിൽ നാൽപ്പത്തിയഞ്ചുകാരിയായ സ്ത്രീ കൊല്ലപ്പെട്ടിരുന്നു. ഇന്നലെ വൈകിട്ട് ആറ് മണിയോടെ പെരുവന്താനത്തിന് സമീപം മതംബ കൊമ്പൻപാറയിലാണ് സോഫിയ ഇസ്മയിലിനെ കാട്ടാന ചവിട്ടി കൊന്നത്. ടിആർ ആൻഡ് ടി എസ്റ്റേറ്റിൽ വച്ചാണ് ആക്രമണമുണ്ടായത്. കുളിക്കാനായി വീടിന് സമീപത്തെ അരുവിയിലേക്ക് പോയ സോഫിയെ ആന ചവിട്ടി കൊല്ലുകയായിരുന്നു. ഏറെ നേരമായിട്ടും സോഫിയയെ കാണാത്തതിനെ തുടർന്ന് മകൻ അന്വേഷിച്ച് ചെന്നപ്പോൾ അരുവിക്ക് സമീപം ആനയുടെ ചവിട്ടേറ്റ് മരിച്ച നിലയിൽ അവരെ കണ്ടെത്തുകയായിരുന്നു.

Exit mobile version