കല്ലറ ഗ്രാമപഞ്ചായത്തിലെ അരുവിപ്പുറം ടൂറിസം പദ്ധതി നാടിൻ്റെ മുഖഛായ തന്നെ മാറ്റുമെന്നുറപ്പാണ്. മനോഹരമായ ഭൂപ്രകൃതി കൊണ്ട് ആരെയും ആകർഷിക്കുന്ന വാമനപുരം പുഴയുടെ തീരത്ത് ആരംഭിക്കുന്ന ടൂറിസം പദ്ധതി സഞ്ചാരികളെ ഏറെ ആകർഷിക്കുകായും ചെയ്യും. വാമനപുരം നദിയുടെ ദൃശ്യഭംഗി ഒരുക്കുന്ന മനോഹരമായ കാഴ്ചകളും മലയോര ദൃശ്യങ്ങൾ പകർന്നു നൽകുന്ന നവ്യാനുഭവവും മൺസൂൺ കാലം സമ്മാനിക്കുന്ന മഴക്കാഴ്ചകളും ഒക്കെ അരുവിപ്പുറത്തിൻ്റെ പ്രത്യേകതകളാണ്.
വർക്കല – പൊൻമുടി ടൂറിസ്റ്റ് കേന്ദ്രങ്ങളെ ബന്ധിപ്പിക്കുന്ന പ്രധാന പാതയിലാണ് പ്രസ്തുത പദ്ധതി നടപ്പിലാക്കാൻ ഒരുനുങ്ങുന്നത്. ചിരകാല സ്വപ്ന പദ്ധതി നടപ്പിലാക്കുന്നതിനായി കഴിഞ്ഞ ദിവസം ടൂറിസം വകുപ്പിൻ്റെ ആഭിമുഖ്യത്തിൽ ഉന്നത ഉദ്യോഗസ്ഥരുടെ യോഗം വിളിച്ചു ചേർത്തിരുന്നു. അതിനെ തുടർന്ന് പൊതുമരാമത്ത് ടൂറിസം വകുപ്പ് മന്ത്രിയുടെ ഓഫീസിൻ്റെ പ്രത്യേക താൽപര്യപ്രകാരമാണ് ഉന്നത ഉദ്യോഗസ്ഥർ ഉൾപ്പെടെയുള്ളവർ പദ്ധതി നടപ്പിലാക്കുവാൻ ഉദ്ദേശിക്കുന്ന സ്ഥലം സന്ദർശിക്കുകയും വേഗത്തിൽ പദ്ധതി നടപ്പിലാക്കുന്നതിനെ സംബന്ധിച്ചുള്ള കാര്യങ്ങളിൽ തീരുമാനമെടുക്കുകയും ചെയ്തത്.
നടപ്പാത, വ്യൂപോയിൻ്റ്, വാച്ച് ടവർ, റെയിൻ ഷെൽട്ടർ, ടോയ്‌ലറ്റ് സംവിധാനങ്ങൾ തുടങ്ങിയവയും, ബോട്ടിംഗ്, സ്കൈ വാക്ക് റോപ് വേ മറ്റ് വിനോദോപാധികളും പദ്ധതിയിൽ ഉൾപ്പെടുന്നുണ്ട്.