ഡൽഹി ബിജെപിക്കെന്ന എക്സിറ്റ് പോൾ ഫലങ്ങളിൽ പ്രതികരിക്കാനില്ലെന്ന നിലപാടിൽ ഭരണകക്ഷിയായ ആം ആദ്മി പാർട്ടിയും കോൺഗ്രസും. എക്സിറ്റ് പോൾ ഫലങ്ങളിൽ വിശ്വാസമില്ലെന്ന നിലപാടിലാണ് രണ്ട് പാർട്ടികളും. 2025 നിയമസഭാ തെരഞ്ഞെടുപ്പ് എക്സിറ്റ് പോളുകൾ ബിജെപിക്കാണ് മുൻതൂക്കം നൽകുന്നത്. 2015, 2020 തെരഞ്ഞെടുപ്പുകളിൽ തുടർച്ചയായി വൻ വിജയം നേടിയതിന്റെ പശ്ചാത്തലത്തിൽ മൂന്നാം തവണയും അധികാരത്തിൽ എത്താമെന്ന പ്രതീക്ഷയിലാണ് ആം ആദ്മി പാർട്ടിയുള്ളത്.
ആം ആദ്മി പാർട്ടിക്ക് അനുകൂലമായി ഫലങ്ങളാണ് പുറത്തുവരാൻ പോകുന്നതെന്നും കഴിഞ്ഞ തെരഞ്ഞെടുപ്പുകളിലെ എക്സിറ്റ് പോൾ ഫലങ്ങളും ഡൽഹിയിൽ ബിജെപിക്ക് വിജയിക്കാനാകില്ലെന്ന് പറഞ്ഞിട്ടുണ്ടെന്ന് എഎപി നേതാവ് സുശീൽ ഗുപ്ത പറഞ്ഞു. അരവിന്ദ് കെജ്രിവാൾ ഡൽഹിയിലെ ജനങ്ങൾക്ക് വേണ്ടി പ്രവർത്തിച്ചിട്ടുണ്ട്. ഞങ്ങൾ സർക്കാർ രൂപീകരിക്കും. ഇത് ഞങ്ങളുടെ നാലാമത്തെ തെരഞ്ഞെടുപ്പാണ്. എല്ലാ തവണയും പുറത്തുവരുന്ന എക്സിറ്റ് പോളുകൾ സമാനമായ ഫലങ്ങളാണ് പ്രവചിച്ചിരുന്നതെന്നും അദ്ദേഹം കുറ്റപ്പെടുത്തി.
പുറത്തുവന്ന നാല് എക്‌സിറ്റ് പോളുകളുടെ ശരാശരി ഫലങ്ങൾ കാണിക്കുന്നത് ബിജെപി 42 സീറ്റുകൾ നേടുമെന്നാണ്. മൂന്നാം തവണയും അധികാരത്തിൽ വരുമെന്ന് പ്രതീക്ഷിക്കുന്ന എഎപിക്ക് ഈ എക്സിറ്റ് പോൾ ഫലങ്ങൾ വലിയ തിരിച്ചടിയാണ് നൽകുന്നത്. കഴിഞ്ഞ രണ്ട് ഡൽഹി നിയമസഭാ തെരഞ്ഞെടുപ്പുകളിലും ഒറ്റ അക്കത്തിലൊതുങ്ങിയ ബിജെപി 27 വർഷത്തെ ഇടവേളയ്ക്ക് ശേഷം രാജ്യതലസ്ഥാനം പിടിക്കുമെന്നാണ് എക്‌സിറ്റ് പോൾ പ്രവചനങ്ങൾ.
1998ന് ശേഷം രാജ്യതലസ്ഥാനത്ത് ബിജെപി തിരിച്ചുവരവ് നടത്തുമെന്നാണ് എക്സിറ്റ് പോളുകൾ അഭിപ്രായപ്പെടുന്നത്. ഭൂരിഭാഗം എക്സിറ്റ് പോളുകളും ബിജെപിയുടെ വിജയം പ്രവചിച്ചപ്പോൾ ആം ആദ്മി പാർട്ടിയുടെ സാധ്യതകൾ വ്യക്തമാക്കുന്ന സർവേ ഫലങ്ങളും പുറത്തുവന്നു. ചില മണ്ഡലങ്ങളിൽ ഇഞ്ചോടിച്ച് പോരാട്ടത്തിനാണ് സാധ്യത കൽപ്പിക്കുന്നത്. എന്നാൽ കോൺഗ്രസിൻ്റെ അവസ്ഥ ദയനീയമാകുമെന്നാണ് എല്ലാ എക്സിറ്റ് പോളുകളും പ്രവചിക്കുന്നത്. എല്ലാ എക്സിറ്റ് പോളുകളും ഡൽഹിയിൽ കോൺഗ്രസിന് മൂന്ന് സീറ്റുകളിൽ കൂടുതൽ ലഭിക്കില്ലെന്ന് പ്രവചിക്കുന്നു. 1998 മുതൽ 2013വരെ ഡൽഹിയിൽ അധികാരത്തിലിരുന്ന പാർട്ടിയാണ് കോൺഗ്രസ്.