തൃപ്പൂണിത്തുറയിൽ ഫ്‌ളാറ്റിൽ നിന്ന് ചാടി ആത്മഹത്യ ചെയ്ത വിദ്യാർത്ഥി മിഹിറിന്റെ പഴയ സ്‌കൂളിന് നന്ദി അറിയിച്ച് അമ്മ രജ്‌ന. മിഹിറിനെ സ്‌കൂൾ പുറത്താക്കിയതല്ലെന്ന ജെംസ് സ്‌കൂളിന്റെ പ്രസ്താവനയ്ക്കാണ് രജ്‌ന നന്ദി അറിയിച്ചിരിക്കുന്നത്. സ്‌കൂളിന്റെ സത്യസന്ധമായ പ്രതികരണത്തെ അഭിനന്ദിക്കുന്നുവെന്നും അമ്മ പറഞ്ഞു. സാമൂഹ്യ മാധ്യമങ്ങളിലൂടെ ജെംസ് സ്‌കൂളിന്റെ പ്രസ്താവനയും ഉൾപ്പെടുത്തിയാണ് രജ്‌ന നന്ദി കുറിപ്പ് പങ്കുവെച്ചത്.
അമ്മയുടെ വാക്കുകൾ ഇങ്ങനെ: ‘മിഹിറിന്റെ സ്‌കൂൾ സമയത്തെ കുറിച്ച് മാന്യമായ വ്യക്തത നൽകിയതിന് കൊച്ചിയിലെ ജെംസ് മോഡേൺ അക്കാദമിയോട് ഞാൻ ആത്മാർത്ഥമായി നന്ദി പറയുന്നു. ഗ്ലോബൽ പബ്ലിക് സ്‌കൂളിൽ നിന്നുള്ള വേദനാജനകവും തെറ്റിദ്ധരിപ്പിക്കുന്നതുമായ പ്രസ്താവനകളിൽ നിന്ന് വ്യത്യസ്തമായി, മിഹിറിനെ ഒരിക്കലും പുറത്താക്കിയിട്ടില്ലെന്നും സ്‌കൂളിലെ വിലപ്പെട്ട അംഗമായിരുന്നുവെന്നും അംഗീകരിച്ചുകൊണ്ട് ജെംസ് സ്‌കൂൾ സത്യസന്ധതയും സഹാനുഭൂതിയും പ്രകടിപ്പിച്ചു. നീതിയുക്തമായ അന്വേഷണം ഉറപ്പാക്കാൻ സ്വീകരിച്ച ഈ നടപടിയെ ഞാൻ അഭിനന്ദിക്കുന്നു’,
മിഹിറിനെ ജെംസ് സ്‌കൂളിൽ നിന്ന് ടി സി നൽകി പറഞ്ഞുവിട്ടെന്നായിരുന്നു ഗ്ലോബൽ സ്‌കൂളിൽ നിന്നുള്ള പ്രതികരണം. മിഹിർ സ്ഥിരം പ്രശ്‌നക്കാരനാണെന്നും സ്‌കൂൾ ആരോപിച്ചിരുന്നു. എന്നാൽ ഇക്കാര്യത്തിൽ വ്യക്തത വരുത്തുകയായിരുന്നു ജെംസ് സ്‌കൂൾ.
‘ജെംസ് അക്കാദമിയിൽ നിന്നും മിഹിറിനെ പുറത്താക്കിയിട്ടില്ലെന്ന് വ്യക്തമാക്കുന്നു. നമ്മുടെ കമ്മ്യൂണിറ്റിയിലെ വിലപ്പെട്ട അംഗമായിരുന്നു മിഹിർ. അവനെ ട്രാൻസ്ഫർ ചെയ്യുന്ന കാര്യം പുനരാലോചിക്കണമെന്ന് സ്‌കൂൾ നേതൃത്വം മാതാപിതാക്കളോട് അഭ്യർത്ഥിച്ചിരുന്നു. എന്നിരുന്നാലും, അവർ മിഹിറിനെ മറ്റൊരു സ്വകാര്യ സ്‌കൂളിൽ ചേർക്കാൻ തീരുമാനിച്ചു. അവരുടെ വ്യക്തിപരമായ തിരഞ്ഞെടുപ്പിനെ ഞങ്ങൾ മാനിച്ചു’, ജെംസ് അക്കാദമി പുറത്തിറക്കിയ പ്രസ്താവനയിൽ പറഞ്ഞതിങ്ങനെയാണ്.
അതേസമയം സത്യവും നിഷ്പക്ഷവുമായ അന്വേഷണത്തിന് വേണ്ടിയാണ് വൈസ് പ്രിൻസിപ്പലിനെ സസ്‌പെൻഡ് ചെയ്തതെന്നും അക്കാദമി വ്യക്തമാക്കി. ഉത്തരവാദിത്തമുള്ള സ്ഥാപനമെന്ന നിലയിൽ, അന്വേഷണ ഏജൻസികളുടെ പ്രാധാന്യത്തെ തങ്ങൾ വിലമതിക്കുന്നുവെന്നും അവർ കൂട്ടിച്ചേർത്തു.