മന്ത്രിമാറ്റ തർക്കത്തിന് താൽക്കാലിക ശമനമുണ്ടായെങ്കിലും എൻ.സി.പിയിലെ പി.സി. ചാക്കോ -എ.കെ. ശശീന്ദ്രൻ വിഭാഗങ്ങൾ തമ്മിലെ ചേരിപ്പോര് വീണ്ടും രൂക്ഷമായി. മുതിർന്ന നേതാക്കളുമായി കൂടിയാലോചിക്കാതെ പാർട്ടി പ്രസിഡന്റ് പി.സി. ചാക്കോ ബുധനാഴ്ച എറണാകുളത്ത് സംസ്ഥാന ഭാരവാഹിയോഗം വിളിച്ചതാണ് എ.കെ.എസ് പക്ഷത്തെ ചൊടിപ്പിച്ചത്.
മന്ത്രിമാറ്റ ആവശ്യം വലിയ ചർച്ചയാക്കി, ദേശീയ വർക്കിങ് കമ്മിറ്റി അംഗം കൂടിയായ ശശീന്ദ്രനെതിരെ ഒളിഞ്ഞും തെളിഞ്ഞും ആരോപണങ്ങളുന്നയിച്ചതിലടക്കം, സംസ്ഥാന കമ്മിറ്റി വിളിക്കുമ്പോൾ ‘കണക്കുതീർക്കാൻ’ എ.കെ.എസ് പക്ഷം ലക്ഷ്യമിട്ടിരുന്നു. ദേശീയ വർക്കിങ് പ്രസിഡന്റായതിനാൽ പി.സി. ചാക്കോ സംസ്ഥാന പ്രസിഡന്റ് പദവി ഒഴിയണമെന്ന ആവശ്യം മുന്നോട്ടുവെച്ച് അത് ചർച്ചയാക്കുകയായിരുന്നു ഉന്നമിട്ടത്.
മുതിർന്ന നേതാക്കൾ അതിന് അണിയറ ഒരുക്കവും നടത്തി. എന്നാൽ ഇക്കാര്യം മുൻകൂട്ടിയറിഞ്ഞ പി.സി. ചാക്കോ, മന്ത്രി എ.കെ. ശശീന്ദ്രൻ, ദേശീയ ജനറൽ സെക്രട്ടറി ടി.പി. പീതാംബരൻ മാസ്റ്റർ , ദേശീയ വർക്കിങ് കമ്മിറ്റി അംഗം വർക്കല രവികുമാർ അടക്കമുള്ളവരെ ക്ഷണിക്കാതെയാണ് യോഗം വിളിച്ചത്.
പാർലമെന്ററി പാർട്ടി നേതാവ് തോമസ് കെ. തോമസ് എം.എൽ.എയെയും യോഗത്തിന് വിളിച്ചില്ലെന്നാണ് വിവരം. ഇതോടെയാണ് യോഗം ബഹിഷ്കരിക്കാൻ തീരുമാനിച്ചതും ഒപ്പം നിൽക്കുന്നവരെ യോഗത്തിന് പോകുന്നതിൽ നിന്ന് ശശീന്ദ്രൻ വിലക്കിയതും. എൻ സി പിയിലുള്ള പടലപ്പിണക്കം വീണ്ടും സിപിമ്മിനും എൽഡിഎഫിനും തലവേദനയാവുകയാണ് .