സ്വർണ വിലയിൽ വൻ മുന്നേറ്റം. ഗ്രാമിന് ഒറ്റയടിക്ക് 105 രൂപ ഉയർന്ന് 7,810 രൂപയിലെത്തി. പവൻ വില 840 രൂപ വർധിച്ച് ഇന്ന് 62,480 രൂപയെന്ന പുതു റെക്കോഡിട്ടു. ആദ്യമായാണ് സ്വർണ വില 62,000 രൂപ കടക്കുന്നത്. ഫെബ്രുവരി ഒന്നിന് പവന് 61,960 രൂപയെന്ന റെക്കോഡാണ് ഇന്ന് മറികടന്നത്. ഈ മാസം ഇതു വരെ സ്വർണ വിലയിൽ 5,280 രൂപയുടെ വർധനവ് ഉണ്ടായിട്ടുണ്ട്.
രാജ്യാന്തര വിലയിലുണ്ടാകുന്ന വില വർധനയ്‌ക്കൊപ്പാമാണ് കേരളത്തിലും സ്വർണത്തിന്റെ നീക്കം. ഇന്നലെ ഔൺസ് വില 2,831.70 ഡോളറിലെത്തി പുതു റെക്കേഡിട്ടു. നിലവിൽ 2,820 ഡോളറിലാണ് വ്യാപാരം. കാനഡ, ചൈന, മെക്‌സിക്കോ എന്നിവയ്ക്ക് ഉയർന്ന ഇറക്കുമതി തീരുവ ഏർപ്പെടുത്തികൊണ്ടുള്ള അമേരിക്കൻ പ്രസിഡന്റ് ട്രംപിന്റെ ഉത്തരവ് രാജ്യത്ത് പണപ്പെരുപ്പത്തിന് വഴി വയ്ക്കുമെന്നും അത് സാമ്പത്തിക വളർച്ചയെ ബാധിക്കുമെന്നുമുള്ള ആശങ്കളാണ് സ്വർണ വിലയെ ബാധിച്ചത്. മെക്‌സിക്കോയ്ക്കും കാനഡക്കും ഏർപ്പെടുത്തിയ നിരക്ക് വർധന നിബന്ധനകൾക്ക് വിധേയമായി 30 ദിവസത്തേക്ക് താത്കാലികമായി പിൻവലിച്ചിട്ടുണ്ട്. ചൈനയ്ക്കുള്ള നികുതി വർധന തുടരും. ട്രംപിന്റെ നീക്കങ്ങൾ തന്നെയാണ് സമീപ ഭാവിയിൽ സ്വർണത്തിന്റെ ഗതി നിർണിയിക്കുക എന്നാണ് വിലയിരുത്തൽ.
Discussion about this post