ഒയാസിസ് തമിഴ്നാട്ടിലേക്കും; പൊളളാച്ചിയിലും വില്ലുപുരത്തും പ്ലാന്റ് നിർമിക്കാനൊരുങ്ങുന്നു

Oasis to construct plant in Pollachi and Villupuram

കേരളത്തിൽ ബ്രൂവറി വിവാദം കത്തി നിൽക്കെ ഒയാസിസ് കമ്പനി തമിഴ്നാട്ടിലേക്ക്. പൊള്ളാച്ചിയിലും, വില്ലുപുരത്തും പ്ലാൻ്റിനായി സ്ഥലം വാങ്ങാനുള്ള നീക്കം കമ്പനി ആരംഭിച്ചിട്ടുണ്ട്. എലപ്പുള്ളിയിലെ പ്ലാൻ്റിനെതിരെ പ്രതിഷേധം വ്യാപകമായ സാഹചര്യത്തിലാണ് കമ്പനിയുടെ പുതിയ നീക്കം. 50 ഏക്കർ സ്ഥലം വാങ്ങാനാണ് കമ്പനിയുടെ തീരുമാനം.

പാലക്കാട് തെരഞ്ഞെടുക്കാൻ കാരണമായ ഘടകങ്ങൾ തമിഴ്നാട്ടിലും ഉണ്ടെന്നാണ് കമ്പനിയുടെ കണ്ടെത്തൽ. പ്രളയം ബാധിക്കാത്ത മേഖലയായതിനാലാണ് എലപ്പുള്ളിയിൽ കമ്പനി ആരംഭിക്കാൻ തീരുമാനിച്ചിരുന്നത്. അനുമതി നേടാൻ ആർക്കും കൈക്കൂലി നൽകിയിട്ടില്ല. സാങ്കേതികവശങ്ങൾ ഉൾപ്പെടെ, പൂർണ്ണമായ വിവരങ്ങൾ ഉടൻ വാർത്താസമ്മേളനം വിളിച്ച് അറിയിക്കുമെന്നും കമ്പനി വ്യക്തമാക്കിയിരുന്നു.

മഴവെള്ള സംഭരണി ഉപയോഗിച്ച് വിജയകരമായി പ്രവർത്തിക്കുന്ന സ്ഥാപനങ്ങൾ എലപ്പുള്ളിക്ക് സമീപം ഉണ്ടെന്ന് കണ്ടെത്തിയിട്ടുണ്ട്. എഥനോൾ, മദ്യം എന്നിവ നിർമ്മിച്ച ശേഷമുള്ള മാലിന്യം ഉപയോഗിച്ച് കാലിത്തീറ്റ, ഡ്രൈഡ് ഐസ് എന്നിവ നിർമ്മിക്കും. കമ്പനിയുടെ പ്രവർത്തനമാരംഭിച്ച രണ്ട് വർഷത്തിനുശേഷം ആറ് മെഗാവാട്ട് വൈദ്യുതിയും ഉൽപാദിപ്പിക്കും. ഇതിൽ നിന്നും മൂന്ന് മെഗാവാട്ട് വൈദ്യുതി കെഎസ്ഇബിക്ക് നൽകാനാവും എന്നും അധികൃതർ വിശദീകരിച്ചിരുന്നു.

1200 പ്രദേശവാസികൾക്ക് തൊഴിൽ നൽകുമെന്നും കമ്പനി വ്യക്തമാക്കിയിരുന്നു. കമ്പനി പ്രവർത്തനം ആരംഭിക്കുന്ന എലപ്പുള്ളിയിലെ മണ്ണുകാട് പ്രദേശത്തുള്ളവർക്ക് മുൻഗണന നൽകും. കമ്പനിയുടെ പ്രവർത്തനങ്ങൾ നേരിട്ട് മനസ്സിലാക്കാനായാണ് ഇതെന്ന് ഇവർ വ്യക്തമാക്കിയിരുന്നു. ഉപയോഗശൂന്യമായ അരി ഉൾപ്പെടെയാണ് കമ്പനി മദ്യനിർമ്മാണത്തിന് ഉപയോഗിക്കുന്നത്. അരിയുടെ ലഭ്യത കൂടി കണക്കിലെടുത്താണ് പാലക്കാട് തിരഞ്ഞെടുത്തതെന്നും കമ്പനി വ്യക്തമാക്കിയിരുന്നു.

Exit mobile version