രണ്ടു വയസ്സുകാരിയുടെ കൊലപാതകം; ജീവനോടെ കിണറ്റിലേക്ക് എറിഞ്ഞുവെന്ന് അമ്മാവന്റെ മൊഴി

two year old girl murder

തിരുവനന്തപുരം: ബാലരാമപുരത്ത് രണ്ടുവയസ്സുകാരിയെ കിണറ്റിൽ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ കുറ്റം സമ്മതിച്ച് അമ്മാവനായ ഹരികുമാർ. കൊലയിലേക്ക് നയിച്ച കാരണം വ്യക്തമല്ല. ജീവനോടെ കിണറ്റിലിട്ടുവെന്ന് ഹരികുമാർ പൊലീസിന് മൊഴി നൽകി. എന്നാൽ കുറ്റം ഏൽക്കുന്നതാണോയെന്ന സംശയത്തിലാണ് പൊലീസ്. ഹരികുമാറിനെ ചോദ്യം ചെയ്യുന്നത് പൊലീസ് തുടരുകയാണ്.

വീട്ടിൽ ഇന്നലെ കുഞ്ഞിന്റെ അമ്മയ്ക്കും അച്ഛനും പുറമെ അമ്മാവനും അമ്മൂമ്മയും ഉണ്ടായിരുന്നു. നാല് പേരേയും കസ്റ്റഡിയിലെടുത്ത് പൊലീസ് ചോദ്യം ചെയ്തുവരികയാണ്. അമ്മ ശ്രീതുവിന്റെ മൊഴിയിൽ വൈരുധ്യമുണ്ടെന്നാണ് വിവരം.

ഇന്ന് രാവിലെയാണ് കുടുംബം താമസിക്കുന്ന വാടകവീടിന്റെ കിണറ്റിൽ രണ്ടു വയസ്സുകാരിയായ ദേവേന്ദുവിനെ മരിച്ച നിലയിൽ കണ്ടെത്തുന്നത്. ഉറങ്ങി കിടക്കുന്ന കുഞ്ഞിനെ കാണാനില്ലെന്ന പരാതിയുടെ അടിസ്ഥാനത്തിൽ നടത്തിയ പരിശോധനയിലാണ് മൃതദേഹം കിണറ്റിൽ നിന്നും കണ്ടെത്തിയത്. അതിനിടെ കുഞ്ഞിനെ കാണാതായ അതേഘട്ടത്തിൽ വീട്ടിൽ അമ്മാവൻ ഉറങ്ങിയിയിരുന്ന മുറിയിൽ തീപിടിത്തം ഉണ്ടായതായും വിവരമുണ്ട്.

Exit mobile version