ഒയാസിസ് കൊമേഴ്ഷ്യൽ പ്രൈവറ്റ് ലിമിറ്റഡ് കമ്പനിക്ക് മദ്യ നിർമാണ പ്ലാന്റുകൾ അനുവദിച്ചത് ആരോടും ചർച്ച ചെയ്യാതെയെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ. മന്ത്രസഭാ യോഗത്തിൽ പരിഗണനയ്ക്ക് വന്ന കുറിപ്പ് ഇതിന് തെളിവാണ്. മറ്റൊരു വകുപ്പുമായും ആലോചിച്ചിട്ടില്ലെന്ന് മന്ത്രിസഭയുടെ പരിഗണയ്ക്ക് വന്ന കുറിപ്പിൽ എക്സൈസ് മന്ത്രി എം.ബി. രാജേഷ് വ്യക്തമാക്കുന്നുണ്ടെന്നും സതീശൻ പറഞ്ഞു. കാബിനറ്റ് നോട്ട് പ്രതിപക്ഷ നേതാവ് പുറത്തുവിടുകയും ചെയ്തു.
“പാലക്കാട് ഉപതിരഞ്ഞെടുപ്പിനുള്ള പ്രചരണം നടക്കവെ കഴിഞ്ഞ വർഷം നവംബർ എട്ടിനാണ് ഫയൽ മന്ത്രിസഭ യോഗത്തിന് സമർപ്പിക്കാനുള്ള ഉത്തരവ് മുഖ്യമന്ത്രി നൽകുന്നത്. മറ്റൊരു വകുപ്പിന്റെയും അനുമതി തേടുകയോ മറ്റു വകുപ്പുകളുമായി ആശയവിനിമയം നടത്തുകയോ ചെയ്തിട്ടില്ലെന്ന് വ്യക്തമാണ്. സർക്കാരിലോ മുന്നണിയിലോ ആലോചിക്കാതെ മുഖ്യമന്ത്രിയും എക്സൈസ് മന്ത്രി എം.ബി. രാജേഷും ചേർന്നാണ് ഈ വിവാദ തീരുമാനം എടുത്തതെന്ന പ്രതിപക്ഷ വാദം അക്ഷരംപ്രതി ശരിവയ്ക്കുന്നതാണ് മന്ത്രിസഭ യോഗത്തിന്റെ കുറിപ്പ്.
ധനകാര്യം, ജലവിഭവം, വ്യവസായം, തദ്ദേശസ്വയംഭരണം തുടങ്ങിയ വകുപ്പുകളൊന്നും പദ്ധതിയുടെ വിശദാംശങ്ങൾ അറിഞ്ഞതേയില്ല. മുന്നണിയിലും ചർച്ച ചെയ്തതായി അറിവില്ല. എന്തിനാണ് ഇത്രമാത്രം രഹസ്യ സ്വഭാവം? ഒയാസിസ് അല്ലാതെ മറ്റൊരു കമ്പനിയും ഇത്തരം പ്ലാന്റുകൾ തുടങ്ങുന്നതിനെ കുറിച്ച് അറിഞ്ഞിട്ടില്ല. അതുകൊണ്ടാണ് എത്ര കിട്ടിയെന്ന് മാത്രം പറഞ്ഞാൽ മതിയെന്ന് പ്രതിപക്ഷം ചോദിച്ചത്. മന്ത്രിസഭ യോഗത്തിന്റെ പരിഗണനയ്ക്കു വച്ച കുറിപ്പിലും ഒയാസിസ് കമ്പനിയെ മുക്തകണ്ഡം പ്രശംസിക്കുന്നുണ്ട്. ഹരിയാണ, പഞ്ചാബ്, രാജസ്ഥാൻ, മധ്യപ്രദേശ്, ഉത്തർപ്രദേശ് സംസ്ഥാനങ്ങളിൽ 20 വർഷമായി നടത്തിവിജയിപ്പിച്ച പരിചയസമ്പന്നത എന്നൊക്കെയാണ് പറയുന്നത്. പക്ഷേ, അപ്പോഴും ഇതേ കമ്പനിയുടെ ഉടമ ഡൽഹി മദ്യനയ കോഴക്കേസിൽ അറസ്റ്റിലായതും ഹരിയാണയിൽ നാല് കിലോമീറ്റർ ദൂരത്തിൽ ബോർവെല്ലിലൂടെ മാലിന്യം തള്ളി ഭൂഗർഭജലം മലിനപ്പെടുത്തിയതിന് നിയമനടപടി നേരിടുന്നതും ബോധപൂർവം മറച്ചുവച്ചു”, പ്രതിപക്ഷ നേതാവ് ആരോപിക്കുന്നു.
മദ്യ ഉത്പാദനത്തിന് ആവശ്യമായ എക്സ്ട്രാ ന്യൂട്രൽ ആൽക്കഹോൾ കേരളത്തിൽ തന്നെ ഉത്പാദിപ്പിക്കാൻ പ്രോത്സാഹനം നൽകുമെന്നു മാത്രമാണ് 2023-24 ലെ മദ്യനയത്തിൽ പറഞ്ഞിരിക്കുന്നത്. ഇക്കാര്യം മന്ത്രിസഭ യോഗത്തിന് മുന്നിൽ വന്ന കുറിപ്പിൽ സമ്മതിക്കുന്നുമുണ്ട്. ഈയൊരൊറ്റ തീരുമാനത്തിന്റെ ബലത്തിലാണ് എഥനോൾ പ്ലാന്റ്, മൾട്ടി ഫീഡ്‌സ് ഡിസ്റ്റിലേഷൻ യൂണിറ്റ്, ഇന്ത്യൻ നിർമിത വിദേശ മദ്യ ബോട്ടിലിംഗ് യൂണിറ്റ്, ബ്രൂവറി, മാൾട്ട് സ്പിരിറ്റ് പ്ലാന്റ്, ബ്രാണ്ടി/വൈൻ പ്ലാന്റ് എന്നിവയ്ക്ക് ഒറ്റയടിക്ക് അനുമതി നൽകിയത്. ഈ വിഷയത്തിൽ എൽ.ഡി.എഫ് ഘടകകക്ഷികളുടെ അഭിപ്രായം അറിയാൻ താത്പര്യമുണ്ടെന്നും വി ഡി സതീശൻ കൂട്ടിച്ചേർത്തു.