ആത്മഹത്യ ചെയ്ത ഡിസിസി ട്രഷറർ എൻഎം വിജയന്റെ കുടുംബത്തെ പ്രിയങ്ക ഗാന്ധി സന്ദർശിച്ചു. 20 മിനിറ്റോളം പ്രിയങ്ക ഡിസിസി ട്രഷററുടെ കുടുംബവുമായി സംസാരിച്ചു. മകൻ വിജേഷും മരുമകൾ പത്മജയും മൂന്ന് മക്കളും മാത്രമാണ് പ്രിയങ്കയ്‌ക്കൊപ്പം അടച്ചിട്ട മുറിയിൽ ഉണ്ടായിരുന്നത്. എൻ എം വിജയന്റെ കത്ത് പ്രിയങ്ക ഗാന്ധി തർജ്ജമ ചെയ്തു വാങ്ങിയിരുന്നു. ഇതുമായി ബന്ധപ്പെട്ട വിശദാംശങ്ങൾ ആരാഞ്ഞുവെന്നാണ് വിവരം.
സാമ്പത്തിക പ്രതിസന്ധിയെ കുറിച്ച് കുടുംബാംഗങ്ങളോട് ചോദിച്ചു. അതേസമയം, എൻഎം വിജയന്റെ ആത്മഹത്യയിൽ എംഎൽഎ അടക്കം പ്രതിയാണല്ലോ എന്ന് ചോദ്യത്തിന് കേസന്വേഷണം നടക്കുകയാണല്ലോ എന്നായിരുന്നു പ്രിയങ്ക ഗാന്ധിയുടെ മറുപടി. കൂടുതൽ ചോദ്യങ്ങൾക്ക് മറുപടി നൽകിയില്ല.
എല്ലാ രീതിയിലും തങ്ങളെ പിന്തുണച്ചാണ് പ്രിയങ്ക സംസാരിച്ചതെന്ന് എൻഎം വിജയന്റെ കുടുംബം പ്രതികരിച്ചു. സാമ്പത്തിക ബാധ്യത ഏറ്റെടുക്കുന്നത് ഉൾപ്പടെയുള്ള കാര്യത്തിൽ എത്രയും പെട്ടന്ന് നടപടി സ്വീകരിക്കുമെന്ന് വ്യക്തമാക്കിയതായും കുടുംബം അറിയിച്ചു. പാർട്ടി വിഷയത്തിൽ അന്വേഷണക്കമ്മീഷനെ നിയോഗിച്ചിട്ടുണ്ടെന്നും അതിന്റെ അന്തിമ റിപ്പോർട്ട് വന്നതിന് ശേഷം ബാക്കി കാര്യങ്ങളിലേക്ക് നീങ്ങാമെന്നാണ് പറഞ്ഞതെന്നും പറഞ്ഞു. വിഷമിക്കണ്ട, കുടുംബത്തോടൊപ്പമുണ്ടാകുമെന്ന് പ്രിയങ്ക പറഞ്ഞതായും അവർ വ്യക്തമാക്കി.
വയനാട് പഞ്ചാരക്കൊല്ലിയിൽ കടുവ ആക്രമണത്തിൽ കൊല്ലപ്പെട്ട രാധയുടെ വീടും പ്രിയങ്ക ഗാന്ധി സന്ദർശിച്ചു. രാധയുടെ കുടുംബത്തെ പ്രിയങ്ക ആശ്വസിപ്പിച്ചു.
അതിനിടെ പ്രിയങ്ക ഗാന്ധിക്ക് നേരെ സിപിഐഎം പ്രവർത്തകർ കരിങ്കൊടി കാണിച്ചു. മാനന്തവാടി കണിയാരത്ത് വെച്ചാണ് കരിങ്കൊടി കാണിച്ചത്.
Discussion about this post