കൂരാച്ചുണ്ട് പഞ്ചായത്തില്‍ അവിശ്വാസം പാസായി; യു.ഡി.എഫിന് ഭരണനഷ്ടം

Koorachundu Grama Panchayat UDF

കൂരാച്ചുണ്ട് ഗ്രാമപഞ്ചായത്തിൽ കോൺഗ്രസ് പ്രസിഡന്റിനെതിരെ മുസ്ലിം ലീഗ് കൊണ്ടുവന്ന അവിശ്വാസം പാസായി. 13 അംഗ ഭരണസമിതിയിൽ 11 വോട്ട് അവിശ്വാസത്തിന് അനൂകൂലമായി ലഭിച്ചു. ഒരു വോട്ട് അസാധുവായി. നേരത്തെ ജില്ലാ തലത്തിൽ മുന്നണി തീരുമാനപ്രകാരം ഒരു വർഷം മുസ്ലിം ലീഗിന് പ്രസിഡന്റ് സ്ഥാനം നൽകാത്തതിൽ പ്രതിഷേധിച്ചാണ് അവിശ്വാസം കൊണ്ടുവന്നത്.

പഞ്ചായത്ത് പ്രസിഡന്റ് പോളി കാരക്കടയോട് സ്ഥാനത്ത് നിന്ന് മാറാൻ ഡി.സി.സി.പ്രസിഡന്റ് കെ. പ്രവീൺ കുമാർ ആവശ്യപ്പെട്ടിരുന്നു. ഇക്കാര്യം അംഗീകരിക്കാത്തതിനാൽ പഞ്ചായത്ത് പ്രസിഡന്റിനെ പാർട്ടിയിൽ നിന്ന് സസ്പന്റും ചെയ്തിരുന്നു. ഇതിനാൽ അവിശ്വാസത്തിന് അനുകൂലിക്കാൻ ഡി.സി.സി. പ്രസിഡന്റ് വിപ്പും നൽകിയിരുന്നു. പഞ്ചായത്ത് ഭരണസമിതിയിൽ കോൺഗ്രസിന് ആറും മുസ്ലിം ലീഗിന് രണ്ടുമാണ് കക്ഷി നില.

സി.പി.എമ്മിനും കേരള കോൺഗ്രസിനും രണ്ടു വീതം അംഗങ്ങളുണ്ട്. ഒരു സ്വതന്ത്ര അംഗവുമുണ്ട്. സ്വതന്ത്ര അംഗത്തിന്റെ നിലപാടാണ് വോട്ടിങ്ങിൽ നിർണായകമായത്. കോൺഗ്രസ് അംഗം വിൻസി തോമസിന്റെ വോട്ടാണ് അസാധുവായത്. പഞ്ചായത്ത് പ്രസിഡന്റ് വിപ്പ് ലംഘിച്ച് എതിർത്ത് വോട്ടു ചെയ്തു.

Exit mobile version