പാലക്കാട് നെന്മാറയിൽ അയൽവാസി രണ്ട് പേരെ വെട്ടിക്കൊലപ്പെടുത്തി. നെന്മാറ പോത്തുണ്ടി സ്വദേശി സുധാകരൻ (58), മാതാവ് മീനാക്ഷി എന്ന ലക്ഷ്മി (76) എന്നിവരെയാണ് അയൽവാസിയായ ചെന്താമര വെട്ടിക്കൊലപ്പെടുത്തിയത്. വ്യക്തിവൈരാഗ്യമാണ് കൊലപാതകത്തിന് കാരണമെന്നാണ് പ്രാഥമിക കണ്ടെത്തൽ.
തിങ്കളാഴ്ച രാവിലെ 10 മണിക്കാണ് സംഭവം. സുധാകരൻ്റെ ഭാര്യ സജിതയെ കൊലപ്പെടുത്തിയ കേസിൽ ജയിലിൽ കഴിയവെ ജാമ്യത്തിലിറങ്ങിയ പ്രതി ഇന്ന് രാവിലെ സുധാകരൻറെ വീട്ടിലെത്തി രണ്ട് പേരെയും കൊലപ്പെടുത്തുകയായിരുന്നു.
അടുത്ത വീട്ടുകാർ തമ്മിലുള്ള തർക്കത്തെത്തുടർന്ന് 2019 ൽ സുധാകരൻ്റെ ഭാര്യ സജിതയെ ചെന്താമര കൊലപ്പെടുത്തിയിരുന്നു. ഈ കേസിൻ്റെ വിചാരണ അടുത്തമാസം തുടങ്ങാനിരിക്കെയാണ് ചെന്താമര കഴിഞ്ഞ ദിവസം ജാമ്യത്തിലിറങ്ങിയത്. ആലത്തൂർ ഡിവൈഎസ്പിയുടെ നേതൃത്വത്തിലുളള പൊലീസ് സംഘം സ്ഥലത്തെത്തി പരിശോധന നടത്തുകയാണ്.