കൂത്താട്ടുകുളം പൊലീസ് സ്റ്റേഷന്‍ ഉപരോധം; മുഹമ്മദ് ഷിയാസിനും അബിന്‍ വര്‍ക്കിക്കുമെതിരെ കേസെടുത്തു

koothattukulam protest case

കൂത്താട്ടുകുളം പൊലീസ് സ്റ്റേഷൻ ഉപരോധവുമായി ബന്ധപ്പെട്ട് എറണാകുളം ഡിസിസി പ്രസിഡന്റ് മുഹമ്മദ് ഷിയാസിനും യൂത്ത് കോൺഗ്രസ് സംസ്ഥാന ഉപാധ്യക്ഷൻ അബിൻ വർക്കിക്കെതിരെയും ജാമ്യമില്ലാ വകുപ്പുകൾ ചുമത്തി കേസെടുത്തു. ഭീഷണിപ്പെടുത്തൽ, പൊലീസ് ഉദ്യോഗസ്ഥനെ കയ്യേറ്റം ചെയ്യാൻ ശ്രമം, കൃത്യനിർവ്വഹണം തസ്സപ്പെടുത്തൽ എന്നിവ ആരോപിച്ചാണ് കേസുത്തത്.

നഗരസഭാ കൗൺസിലർ കലാ രാജുവിനെ തട്ടികൊണ്ടുപോയതിൽ പൊലീസ് നടപടി വൈകുന്നുവെന്ന് ആരോപിച്ചായിരുന്നു പൊലീസ് സ്റ്റേഷൻ ഉപരോധം. കൂത്താട്ടുകുളം നഗരസഭയിൽ നടന്ന അവിശ്വാസപ്രമേയത്തിനിടെ കൗൺസിലർ കലാ രാജുവിനെ സിപിഐഎം പ്രവർത്തകർ തട്ടിക്കൊണ്ടുപോവുകയായിരുന്നു. അവിശ്വാസ പ്രമേയം ചർച്ചയ്ക്ക് എടുക്കുന്ന വേളയിൽ യുഡിഎഫിന് അനുകൂലമായി കലാ രാജു വോട്ട് ചെയ്യുമെന്ന് മനസിലാക്കിയതാണ് തട്ടിക്കൊണ്ടുപോകാനുള്ള കാരണമെന്നായിരുന്നു ആരോപണം.

അതിനിടെ ബാധ്യതകൾ തീർക്കാൻ കോൺഗ്രസ് സഹായിക്കാമെന്ന് പറഞ്ഞതായി കൂത്താട്ടുകുളം കൗൺസിലർ കലാ രാജു വെളിപ്പെടുത്തുന്ന വീഡിയോ ദൃശ്യം സിപിഐഎം പുറത്തുവിട്ടു. പാർട്ടി ഏരിയാകമ്മിറ്റി ഓഫീസിനകത്ത് വെച്ച് മറ്റ് അംഗങ്ങളുമായി കലാ രാജു സംസാരിക്കുന്ന ദൃശ്യങ്ങളാണ് സിപിഐഎം പുറത്തുവിട്ടത്. സാമ്പത്തിക ബാധ്യതകൾ അന്വേഷിക്കാമെന്ന് കോൺഗ്രസ് നേതാക്കൾ പറഞ്ഞതായി കലാ രാജു അംഗങ്ങളോട് പറയുന്നുണ്ട്. കൂറുമാറാൻ കലാരാജുവിന് കോൺഗ്രസ് നേതാക്കൾ സാമ്പത്തിക സഹായം നൽകിയെന്ന് സിപിഐഎം നേരത്തെ ആരോപിച്ചിരുന്നു.

Exit mobile version