ഇന്ത്യൻ ആഭ്യന്തര ക്രിക്കറ്റിലേക്ക് തിരിച്ചുവരവിനൊരുങ്ങി വിരാട് കോഹ്‍ലി. 2012ന് ശേഷം ആദ്യമായാണ് വിരാട് ആഭ്യന്തര ക്രിക്കറ്റിലേക്ക് മടങ്ങിയെത്തുന്നത്. ജനുവരി 30ന് റെയിൽവേയ്സിനെതിരെ ആരംഭിക്കുന്ന മത്സരത്തിൽ ഡൽഹി നിരയിൽ വിരാട് കോഹ്‍ലിയും ഉണ്ടാകും. രഞ്ജി കളിക്കാൻ തയ്യാറാണെന്ന് താരം അറിയിച്ചതായാണ് ഡൽഹി ക്രിക്കറ്റിനോട് അടുത്ത വൃത്തങ്ങൾ സൂചിപ്പിക്കുന്നത്. ജനുവരി 23ന് സൗരാഷ്ട്രയ്ക്കെതിരെ ആരംഭിക്കുന്ന മത്സരത്തിൽ നിന്ന് കോഹ്‍ലി കഴുത്ത് വേദനയെ തുടർന്ന് പിന്മാറിയിരുന്നു.
സമീപകാലത്ത് ടെസ്റ്റ് ക്രിക്കറ്റിലെ മോശം പ്രകടനമാണ് വിരാട് കോഹ്‍ലി ഉൾപ്പെടെയുള്ള സീനിയർ താരങ്ങൾ ആഭ്യന്തര ക്രിക്കറ്റ് കളിക്കണമെന്ന കർശന നിലപാട് ബിസിസിഐയുടെ ഭാഗത്ത് നിന്നുണ്ടായത്. ബോർഡർ-ഗാവസ്കർ ട്രോഫിയിലെ അഞ്ച് മത്സരങ്ങളിൽ നിന്നായി 190 റൺസ് മാത്രമാണ് വിരാട് കോഹ്‍ലിക്ക് നേടാനായത്. ഓഫ്സ്റ്റമ്പിന് പുറത്തുവരുന്ന പന്തുകളിൽ അനാവശ്യമായി ബാറ്റുവെച്ചാണ് കോഹ്‍ലി പുറത്തായത്.
നേരത്തെ ഇന്ത്യൻ താരങ്ങളായ രോഹിത് ശർമ, ശുഭ്മൻ ഗിൽ, രവീന്ദ്ര ജഡേജ എന്നിവരും ആഭ്യന്തര ക്രിക്കറ്റിലേക്ക് മടങ്ങിവരുമെന്ന തീരുമാനം കൈകൊണ്ടിരുന്നു. 2015ന് ശേഷം ഇതാദ്യമായാണ് രോഹിത് ശർമ രഞ്ജി ട്രോഫി കളിക്കുന്നത്. ജനുവരി 23ന് ജമ്മു കാശ്മീരിനെതിരായ മത്സരത്തിൽ മുംബൈ നിരയിലാണ് രോഹിത് കളിക്കുക. ശുഭ്മൻ ഗിൽ പഞ്ചാബിനായും രവീന്ദ്ര ജഡേജ സൗരാഷ്ട്രയ്ക്ക് വേണ്ടിയും രഞ്ജി കളിക്കും.