ചേന്ദമംഗലം കൂട്ടക്കൊല; പ്രതി ഋതു ഇനിയും കൊലപാതകം ചെയ്യാൻ സാധ്യതയുണ്ടെന്ന് പൊലീസ്

chendamangalam koottakola

പറവൂർ ചേന്ദമംഗലം കൂട്ടകൊലപാതകത്തിൽ പ്രതി ഋതു ജയൻ വേണുവിന്റെ വീട്ടിൽ എത്തിയത് കൊലപാതകം നടത്തുക എന്ന ഉദ്ദേശത്തോടുകൂടിയായിരുന്നു എന്ന് കസ്റ്റഡി റിപ്പോർട്ട്. കൊലപാതകത്തിനു കാരണം ഉഷ, വേണു, വിനീഷ, ജിതിൻ എന്നിവരോട് ഉണ്ടായ കടുത്ത വൈരാഗ്യമായിരുന്നു. മോട്ടോർ സൈക്കിളിൽ ഉപയോഗിക്കുന്ന ഇരുമ്പ് കമ്പി കൊണ്ട് പ്രതി തലയ്ക്കടിക്കുകയും പിന്നീട് കൈയ്യിൽ കരുതിയിരുന്ന കത്തി കൊണ്ടു കുത്തിയും കൊലപ്പെടുത്തുകയായിരുന്നു. പ്രതി ഋതു സമാനമായ രീതിയിലുള്ള കൊലപാതകങ്ങൾ ഇനിയും ചെയ്യാൻ സാധ്യത ഉണ്ടെന്ന് പൊലീസ് പുറത്തുവിട്ട റിപ്പോർട്ടിൽ പറയുന്നു.

വിചാരണ വേളയിൽ പ്രതി കടന്നു കളയുമോ എന്ന സംശയമുണ്ട്. പ്രതി പുറത്തിറങ്ങിയാൽ കേസ് ദുർബലപ്പെടുമെന്നും പൊലീസ് വ്യക്തമാക്കുന്നു. കൃത്യം നടത്തിയ വീട്ടിൽ പ്രതിയെ എത്തിച്ചുള്ള തെളിവെടുപ്പ് നാളെ ഉണ്ടായേക്കും.

അതേസമയം, ഋതുവിനെ 5 ദിവസത്തേക്ക് കസ്റ്റഡിയിൽ വിട്ടിരിക്കുകയാണ്. പറവൂർ JFMC കോടതിയാണ് പ്രതിയെ പോലീസ് കസ്റ്റഡിയിൽ വിട്ടത്. വിശദമായ ചോദ്യം ചെയ്യലും തെളിവെടുപ്പ് ഉൾപ്പെടെ വേഗത്തിൽ പൂർത്തിയാക്കാനാണ് അന്വേഷണസംഘത്തിന്റെ നീക്കം.

പ്രതിയുടെ ഫോൺകോൾ വിവരങ്ങൾ അടക്കം പൊലീസ് കഴിഞ്ഞദിവസം ശേഖരിച്ചിരുന്നു. കസ്റ്റഡിയിൽ ലഭിച്ചശേഷം ഇക്കാര്യങ്ങളിലും പ്രതിയിൽ നിന്ന് കൂടുതൽ വിവരങ്ങൾ അന്വേഷണസംഘം കണ്ടെത്തും. കൊലപാതകം നടന്ന വീട്ടിൽ പ്രതിയെ എത്തിച്ച് തെളിവെടുപ്പ് നടത്താൻ കൂടുതൽ പൊലീസിനെ ഉൾപ്പെടെ നിയോഗിക്കേണ്ടതുണ്ട്. ജയിലിന് ഉള്ളിലും പ്രതി യാതൊരു ഭാവഭേദവും ഇല്ലാതെയാണ് പെരുമാറിയത് എന്നാണ് പൊലീസിന് ജയിലധികൃതർ നൽകിയ വിവരം.

വ്യാഴാഴ്ച വൈകീട്ട് 6 മണിയോടെ പേരേപ്പാടം കാട്ടിപ്പറമ്പിൽ നാടിനെ നടുക്കിയ കൂട്ടക്കൊല നടന്നത്. തലയ്ക്കടിയേറ്റ വിനീഷയുടെ ഭർത്താവ് ജിതിൻ അതീവ ഗുരുതരാവസ്ഥയിൽ സ്വകാര്യ ആശുപത്രിയിലെ വെന്റിലേറ്ററിലാണ്.

Exit mobile version