നാടിനെ ഞെട്ടിച്ച പാറശ്ശാല ഷാരോൺ രാജ് വധക്കേസിൽ ഒന്നാം പ്രതി ഗ്രീഷ്മയ്ക്ക് കോടതി വധശിക്ഷ വിധിച്ചു. വിധി പ്രസ്താവന കേട്ട് ഷാരോണിന്റെ മാതാപിതാക്കൾ കോടതിമുറിയിൽ പൊട്ടിക്കരഞ്ഞ് തൊഴുകൈയോടെ കോടതിക്ക് നന്ദി അറിയിച്ചു. ഗ്രീഷ്മയ്ക്ക് പ്രായത്തിന്റെ ഇളവ് നൽകാനാകില്ലെന്ന് കോടതി നിരീക്ഷിച്ചു. രണ്ട് ലക്ഷം രൂപ പിഴയും കോടതി വിധിച്ചിട്ടുണ്ട്.
ഇതോടെ വധശിക്ഷയ്ക്ക് വിധിക്കപ്പെടുന്ന കേരളത്തിലെ ഏറ്റവും പ്രായംകുറഞ്ഞ പ്രതിയായി ഗ്രീഷ്മ മാറി. വധശിക്ഷ കാത്തുനിൽക്കുന്ന കേരളത്തിലെ രണ്ടാമത്തെ സ്ത്രീയും ഗ്രീഷ്മയാണ്. ഷാരോൺ രാജ് വധക്കേസ് അപൂർവങ്ങളിൽ അപൂർവമാണെന്ന് കോടതി നിരീക്ഷിച്ചു. നെയ്യാറ്റിൻകര അഡീഷണൽ സെഷൻസ് ജഡ്ജ് എ എം ബഷീർ ആണ് ശിക്ഷ വിധിച്ചത്.
ഗ്രീഷ്മ നടത്തിയത് സമർത്ഥമായ കുറ്റകൃത്യമെന്ന് കോടതി വിലയിരുത്തി. മൂന്നാം പ്രതിയായ ഗ്രീഷ്മയുടെ അമ്മാവന് കോടതി മൂന്ന് വർഷം തടവും ശിക്ഷ വിധിച്ചു. അന്വേഷണം വഴിതിരിച്ചുവിട്ട കുറ്റത്തിന് കോടതി അഞ്ച് വർഷം തടവും അൻപതിനായിരം രൂപ പിഴയും കൊലപാതകത്തിന് വേണ്ടിയുള്ള തട്ടിക്കൊണ്ടുപോകലിന് 10 വർഷം തടവും കൊലപാതകത്തിന് വധശിക്ഷയുമാണ് കോടതി വിധിച്ചിരിക്കുന്നത്.
മാധ്യമവാർത്തകൾ നോക്കിയല്ല ഈ കേസിൽ ശിക്ഷ വിധിച്ചതെന്ന് കോടതി ആദ്യഘട്ടത്തിൽ തന്നെ വ്യക്തമാക്കി. ഗ്രീഷ്മയ്ക്കെതിരെ ശാസ്ത്രീയ തെളിവുകൾ ഉൾപ്പെടെ കൃത്യമായി ശേഖരിച്ച അന്വേഷണസംഘത്തെ കോടതി അഭിനന്ദിച്ചു. ജ്യൂസ് ചലഞ്ച് നടത്തിയ വിഡിയോ ഷാരോൺ മുൻപ് റെക്കോർഡ് ചെയ്ത് വച്ചതാണ് ഗ്രീഷ്മയ്ക്ക് കൂടുതൽ കുരുക്കായത്. ഗ്രീഷ്മയ്ക്കെതിരെ വധശ്രമവും ഇതോടെ തെളിഞ്ഞിട്ടുണ്ടെന്നും ഗ്രീഷ്മ മുൻപും കൊലയ്ക്ക് ശ്രമിച്ചെന്നും കോടതി വ്യക്തമാക്കി. പ്രതിയ്ക്ക് ക്രിമിനൽ പശ്ചാത്തലമില്ലെന്ന് പറയാനാകില്ലെന്നും കോടതി നിരീക്ഷിച്ചു.
ഗ്രീഷ്മയുടെ ആത്മഹത്യശ്രമം കേസിനെ വഴിതിരിച്ചുവിടാൻ വേണ്ടി മാത്രമായിരുന്നെന്നാണ് കോടതി കണ്ടെത്തിയിരിക്കുന്നത്. ബന്ധം അവസാനിപ്പിക്കാൻ ഉറപ്പിച്ചാൽ കമിതാവിന് വിഷം നൽകി കൊലപ്പെടുത്തുക എന്നത് സമൂഹത്തിന് തെറ്റായ സന്ദേശം നൽകുമെന്നും കോടതി ചൂണ്ടിക്കാട്ടി. പരമാവധി ശിക്ഷ നൽകരുതെന്ന് നിയമമില്ലെന്നും കോടതി വ്യക്തമാക്കി. ചുണ്ട് ഉൾപ്പടെ വിണ്ടു കീറി ആന്തരികാവയവങ്ങളുടെയെല്ലാം രക്തം വാർന്നു 11 ദിവസം നരകയാതന അനുഭവിച്ചാണ് ഷാരോൺ മരിച്ചത്.
Greeshma gets capital punishment in Sharon murder case.
Discussion about this post