ഷാരോൺ വധകേസിലെ ശിക്ഷാവിധി തിങ്കളാഴ്ചത്തേയ്ക്ക് മാറ്റി. ശിക്ഷാവിധി സംബന്ധിച്ച് പ്രോസിക്യൂഷൻ്റെയും പ്രതിഭാഗത്തിൻ്റെയും വാദം കേട്ടതിന് ശേഷമാണ് ശിക്ഷാ വിധി പ്രഖ്യാപിക്കുന്നത് തിങ്കളാഴ്ചത്തേയ്ക്ക് കോടതി നീട്ടിവച്ചത്. ഗ്രീഷ്മയും, മൂന്നാം പ്രതിയായ ഗ്രീഷ്മയുടെ അമ്മാവൻ നിർമ്മൽകുമാറും കുറ്റക്കാരാണെന്ന് കോടതി കഴിഞ്ഞ ദിവസം കണ്ടെത്തിയിരുന്നു. അതേസമയം തെളിവുകളുടെ അഭാവത്തിൽ ഗ്രീഷ്മയുടെ അമ്മ സിന്ധുവിനെ കോടതി വെറുതെ വിട്ടിരുന്നു.
ഷാരോൺ മരിച്ച് രണ്ട് വർഷം കഴിയുമ്പോഴാണ് കേസിൽ വിചാരണ പൂർത്തിയാക്കി നെയ്യാറ്റിൻകര അഡീഷണൽ സെഷൻസ് കോടതി വിധി പറയുന്നത്. 2022 ഒക്ടോബറിലായിരുന്നു കൊല നടന്നത്.
നാലുവർഷമായി പ്രണയത്തിലായിരുന്നു ഷാരോണും ഗ്രീഷ്മയും. ഇരുവരുടെയും പ്രണയം ഗ്രീഷ്മയുടെ വീട്ടിലറിഞ്ഞതോടെ ബന്ധത്തിൽ നിന്ന് പിന്മാറാൻ ഗ്രീഷ്മയോട് കുടുംബം ആവശ്യപ്പെടുകയും മറ്റൊരു വിവാഹാലോചന ഉറപ്പിക്കുകയും ചെയ്തിരുന്നു. തുടർന്ന് ഷാരോണിനെ വീട്ടിലേക്ക് ക്ഷണിച്ച ഗ്രീഷ്മ വിഷം കലർത്തിയ കഷായം നൽകുകയായിരുന്നു.
ഗ്രീഷ്മയുമായി കണ്ടുമുട്ടി തിരികെ വീട്ടിലേക്ക് പോകുന്നതിനിടെ ഷാരോൺ ഛർദ്ദിച്ച് അവശനാകുകയും ഷാരോണിനെ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയും ചെയ്തിരുന്നു. പതിനൊന്ന് ദിവസം ചികിത്സയിൽ കഴിഞ്ഞ ശേഷമാണ് ഷാരോൺ മരണത്തിന് കീഴടങ്ങുന്നത്.
തുടർപഠന ആവശ്യം ജഡ്ജിന് മുന്നിൽ ഗ്രീഷ്മ ഉന്നയിച്ചിട്ടുണ്ട്. തനിക്ക് മറ്റു ക്രിമിനൽ കേസുകൾ ഇല്ലെന്നും പരമാവധി ഇളവ് അനുവദിക്കണമെന്നും ഗ്രീഷ്മ പറഞ്ഞു. അതേസമയം അപൂർവങ്ങളിൽ അപൂർവമായ കേസെന്ന് പ്രോസിക്യൂഷൻ വ്യക്തമാക്കി. ഒരു ചെറുപ്പക്കാരനെ ഭൂമിയിൽ നിന്നും ഇല്ലാതാക്കി. ഒരു യുവാവിന്റെ സ്നേഹത്തെയാണ് ഗ്രീഷ്മ കൊലപ്പെടുത്തിയതെന്ന് പ്രോസിക്യൂഷൻ വ്യക്തമാക്കി.
Discussion about this post