എറണാകുളത്ത് ചികിത്സയിൽ കഴിയുന്ന ഉമാ തോമസ് എംഎൽഎയെ സന്ദർശിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ. ധനകാര്യ വകുപ്പ് മന്ത്രി കെ എൻ ബാലഗോപാൽ, സിപിഐഎം ജില്ലാ സെക്രട്ടറി സി എൻ മോഹനൻ, സിറ്റി പൊലീസ് കമീഷണർ പുട്ട വിമലാദിത്യ എന്നിവർ മുഖ്യമന്ത്രിയോടൊപ്പമുണ്ടായിരുന്നു. മുഖ്യമന്ത്രി ഉമാ തോമസിന്റെ ആരോഗ്യസ്ഥിതി വിലയിരുത്തി.
മികച്ച ചികിത്സ ലഭ്യമാക്കിയതിന് ഉമാ തോമസ് മുഖ്യമന്ത്രിയ്ക്ക് നന്ദി അറിയിച്ചു. എന്നാൽ ഇത് തൻ്റെ കടമയാണെന്നായിരുന്നു മുഖ്യമന്ത്രിയുടെ മറുപടി. ഉച്ചക്ക് ഒരു മണിയോടെയായിരുന്നു മുഖ്യമന്ത്രി ആശുപത്രിയിലെത്തിയത്.
കൊച്ചി കലൂർ സ്റ്റേഡിയത്തിൽ ആർട്ട് മാഗസിൻ മൃദംഗ വിഷൻ സംഘടിപ്പിച്ച പരിപാടിക്കിടെ സ്റ്റേജിൽ നിന്ന് താഴേക്ക് വീണാണ് ഉമ തോമസിന് ഗുരുതരമായി പരുക്കേറ്റത്. സംഘാടകർ ഒരുക്കിയ താൽക്കാലിക വേദിയിലേക്ക് കയറിയ എംഎൽഎ കസേര മാറിയിരിക്കാനായി എഴുന്നേറ്റു നടക്കുമ്പോൾ കാൽതെറ്റി 15 അടിയോളം താഴ്ചയിലേക്ക് വീഴുകയായിരുന്നു.
താൽക്കാലികവേദി നിർമിച്ചത് അശാസ്‌ത്രീയമായാണെന്ന് പൊലീസ് അന്വേഷണത്തിൽ വ്യക്തമായിരുന്നു. കസേരകൾ നിരത്തിയതിനുമുന്നിൽ ഒരാൾക്കുമാത്രം കഷ്ടിച്ച് നടക്കാവുന്ന സ്ഥലമേ ഉണ്ടായിരുന്നുള്ളൂ. മാത്രമല്ല, ബാരിക്കേഡിനുപകരം റിബൺ കെട്ടിയ ക്യൂ മാനേജർ സംവിധാനം മാത്രമാണ് വേദിക്കു മുന്നിൽ സ്ഥാപിച്ചിരുന്നത്. വീഴ്ചയിൽ എംഎൽഎയ്ക്ക് തലക്കും നട്ടെല്ലിനും ശ്വാസകോശത്തിനുമാണ് പരുക്കേറ്റത്.
സംഭവത്തിൽ അഞ്ചുപേരെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. മുഖ്യസംഘാടകൻ മൃദംഗവിഷൻ എംഡി എം നിഗോഷ് കുമാർ, സിഇഒ എ ഷമീർ, പരിപാടിക്ക് ക്രമീകരണങ്ങൾ ഒരുക്കിയ ഇവന്റ്‌സ് ഇന്ത്യ പ്രൊപ്രൈറ്റർ വാഴക്കാല സ്വദേശി കൃഷ്‌ണകുമാർ, താൽക്കാലിക വേദി തയ്യാറാക്കിയ ബെന്നി, ഓസ്‌കാർ ഇവന്റ് മാനേജ്‌മെന്റ് ഉടമയും പൂത്തോൾ സ്വദേശിയുമായ പി എസ് ജനീഷ് കുമാർ എന്നിവരാണ് അറസ്റ്റിലായത്.