പാലക്കാട് ജില്ലയിലെ കഞ്ചിക്കോട് ഒയാസിസിന് ബ്രൂവറി അനുവദിക്കാനുള്ള തീരുമാനത്തിന് പിന്നില്‍ വന്‍ അഴിമതിയെന്ന് കോണ്‍ഗ്രസ് നേതാവ് രമേശ് ചെന്നിത്തല. ഇന്‍ഡോര്‍ കേന്ദ്രമായ കമ്പനിക്ക് എങ്ങനെ അനുമതി കൊടുത്തു ?. ടെന്‍ഡര്‍ ക്ഷണിച്ചിരുന്നോ?. ഒയാസിസിന് മാത്രം എങ്ങനെ അനുമതി കിട്ടി?. പാരിസ്ഥിതിക പഠനം നടന്നിട്ടുണ്ടോയെന്ന് വ്യക്തമാക്കണമെന്നും രമേശ് ചെന്നിത്തല വാര്‍ത്താസമ്മേളനത്തില്‍ ആവശ്യപ്പെട്ടു.
കഴിഞ്ഞ തവണ ബ്രൂവറി അനുവദിക്കാന്‍ അനുമതി കൊടുത്തപ്പോള്‍ ജനങ്ങള്‍ പ്രതിഷേധിച്ച സ്ഥലത്താണ് ഇപ്പോള്‍ വീണ്ടും അനുമതി കൊടുത്തത്. 2022 ലും ബ്രൂവറി അനുവദിക്കാന്‍ സര്‍ക്കാര്‍ തീരുമാനം എടുത്തിരുന്നു. പ്രതിപക്ഷം എതിര്‍ത്തപ്പോള്‍ പിന്നോട്ട് പോകുകയായിരുന്നു. മഴനിഴല്‍ പ്രദേശമായ സ്ഥലത്ത് ബ്രൂവറിയും ഡിസ്റ്റിലറിയും തുടങ്ങിയാല്‍ കുടിവെള്ള പ്രശ്നം ഉണ്ടാകും. സര്‍ക്കാര്‍ തീരുമാനം ജനങ്ങളുടെ ജീവിതത്തെ ബാധിക്കുന്നതാണ്. പ്രകൃതിയോടും ജനങ്ങളോടുമുള്ള കടുത്ത അപരാധമാണിത്.
പ്ലാച്ചിമടയില്‍ സമരം നടത്തിയവരാണ് പുതിയ സ്ഥാപനത്തിന് അനുമതി കൊടുത്തിരിക്കുന്നത്. കേരളത്തെ മദ്യത്തില്‍ മുക്കി കൊല്ലാനുള്ള തിരുമാനത്തിന്റെ ഭാഗമാണിതെന്നും ചെന്നിത്തല വിമര്‍ശിച്ചു. സിപിഎമ്മിന് പണമുണ്ടാക്കാനുള്ള ഇടപാടാണിത്. ഈ തീരുമാനം സര്‍ക്കാര്‍ പിന്‍വലിക്കണം. വിഷയം രഹസ്യമായി മന്ത്രിസഭാ യോഗത്തിലേക്ക് കൊണ്ടുവന്ന് അനുമതി കൊടുക്കുകയായിരുന്നു. നനഞ്ഞിട്ടാണോ പിണറായി വിജയന് വിഴുപ്പ് ചുമക്കുന്നത് എന്നാണ് അറിയേണ്ടത്. ഇടതു മുന്നണിയിലെ ഘടക കക്ഷികള്‍ അറിഞ്ഞിട്ടാണോ ഈ അനുമതിയെന്നത് അവരാണ് പറയേണ്ടത്. 2018 ലെ ടാക്സസ് പ്രിന്‍സിപ്പല്‍ സെക്രട്ടറിയുടെ റിപ്പോര്‍ട്ട് പുറത്തുവിടണമെന്നും രമേശ് ചെന്നിത്തല ആവശ്യപ്പെട്ടു.
Massive corruption in Kanchikode Brewery: Ramesh Chennithala
Discussion about this post