കലാമണ്ഡലത്തിലെ അധ്യാപക നിയമനം സൗഭാഗ്യമായി കണക്കാക്കുന്നുവെന്ന് ആർ എൽ വി രാമകൃഷ്ണൻ. കേരള കലാമണ്ഡലത്തിൽ ഭരതനാട്യ വിഭാഗം അസിസ്റ്റന്റ് പ്രൊഫസറായാണ് ആർ എൽ വി രാമകൃഷ്ണൻ നിയമിതനായത്. എല്ലാവരോടും സ്‌നേഹവും കടപ്പാടും ഉണ്ടെന്നും മണിച്ചേട്ടൻ ഇല്ല എന്ന ദുഃഖം മാത്രമെന്നും അദ്ദേഹം പ്രതികരിച്ചു.
2022- 2024 കാലഘട്ടത്തിലാണ് താൻ എം എ ഭരതനാട്യം ചെയ്യുന്നതെന്ന് ആർഎൽവി രാമകൃഷ്ണൻ വ്യക്തമാക്കി. അതിനു ശേഷമാണ് കലാമണ്ഡലത്തിലേക്ക് അപേക്ഷ ക്ഷണിച്ചതെന്നും പറഞ്ഞു.
നൃത്ത വിഭാഗത്തിൽ കലാമണ്ഡലം ആരംഭിക്കുന്ന സമയത്ത് എ ആർ ആർ ഭാസ്‌കർ, രാജരത്‌നം മാസ്റ്റർ എന്നിവരായിരുന്നു കാലങ്ങൾക്ക് മുൻപ് ഇവിടെ അധ്യാപകരായി ഉണ്ടായിരുന്നത്. അവർക്ക് ശേഷം നൃത്ത വിഭാഗത്തിൽ അധ്യാപകനായി ജോലി ലഭിക്കുക എന്നത് അങ്ങേയറ്റത്തെ സൗഭാഗ്യമായി കണക്കാക്കുന്നു. സർക്കാർ, സാംസ്‌കാരിക വകുപ്പ്, കേരള കലാമണ്ഡലത്തിലെ ഭരണ സമിതി അംഗങ്ങൾ, ഗുരുക്കൻമാർ തുടങ്ങിയ എല്ലാവർക്കും അദ്ദേഹം നന്ദി അറിയിച്ചു.
Discussion about this post