പീച്ചി ഡാം അപകടത്തില്‍ ചികിത്സയില്‍ ഉണ്ടായിരുന്ന ഒരാള്‍ക്കൂടി മരിച്ചു

പീച്ചി ഡാം റിസര്‍വോയറില്‍ വീണ് പെണ്‍കുട്ടികള്‍ അപകടത്തില്‍ പെട്ട സംഭവത്തില്‍ ചികിത്സയില്‍ ഉണ്ടായിരുന്ന ഒരാള്‍ക്കൂടി മരിച്ചു. പട്ടിക്കാട് മുരിങ്ങാത്തുപറമ്പില്‍ ബിനോജിന്റെ മകള്‍ എറിന്‍ (16) ആണ് മരിച്ചത്. തൃശൂര്‍ സെന്റ് ക്ലയേഴ്സ് സ്‌കൂളിലെ പ്ലസ് വണ്‍ വിദ്യാര്‍ഥിനിയാണ്. ഡാമില്‍ വീണ അലീന(16), ആന്‍ ഗ്രേയ്സ്(16) എന്നിവര്‍ നേരത്തെ മരിച്ചിരുന്നു. സംസ്‌കാരം പട്ടിക്കാട് സെന്റ് സേവ്യേഴ്‌സ് ഫൊറോന പള്ളി സെമിത്തേരിയില്‍ ബുധനാഴ്ച നടക്കും.

ഞായറാഴ്ച വൈകീട്ടായിരുന്നു സംഭവം. സുഹൃത്തിന്റെ വീട്ടില്‍ പെരുന്നാള്‍ ആഘോഷിക്കാന്‍ എത്തിയ പെണ്‍കുട്ടികളാണ് റിസര്‍വോയറില്‍ വീണത്. സമീപത്തുണ്ടായിരുന്ന നാട്ടുകാര്‍ രക്ഷപ്പെടുത്തി ആശുപത്രിയില്‍ എത്തിക്കുകയായിരുന്നു. പട്ടിക്കാട് സ്വദേശികളായ ആന്‍ ഗ്രേസ്(16), അലീന(16), എറിന്‍(16), പീച്ചി സ്വദേശി നിമ(15) എന്നിവരാണ് അപകടത്തില്‍പെട്ടത്.

പള്ളിപ്പെരുന്നാള്‍ ആഘോഷത്തിന് ഇവരുടെ വീട്ടില്‍ എത്തിയതായിരുന്നു കൂട്ടുകാരികള്‍. ഉച്ചഭക്ഷണശേഷം റിസര്‍വോയര്‍ കാണാന്‍ നാലുപേരും ഹിമയും കൂടി പോയതായിരുന്നു. റിസര്‍വോയറിന്റെ തെക്കേക്കുളം ഭാഗത്തേക്കാണ് ഇവര്‍ പോയത്. ചെരിഞ്ഞുനില്‍ക്കുന്ന പാറയില്‍ കാല്‍വഴുതി ആദ്യം രണ്ടുപേര്‍ വെള്ളത്തില്‍ വീണു. ഇവരെ രക്ഷിക്കാനുള്ള ശ്രമത്തിനിടെ മറ്റു രണ്ടുപേരും വീഴുകയായിരുന്നു. കരയിലുണ്ടായിരുന്ന ഹിമയുടെ നിലവിളി കേട്ട് ഓടിയെത്തിയ നാട്ടുകാരാണ് വെള്ളത്തില്‍നിന്ന് നാലുപേരെയും പുറത്തെടുത്തത്.

ഉടന്‍ സി.പി.ആര്‍. നല്‍കി പ്രദേശവാസിയുടെ കാറില്‍ ഒരാളെയും മറ്റു മൂന്നുപേരെ രണ്ടു ആംബുലന്‍സുകളിലായും തൃശ്ശൂരിലെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചു. 20 മിനിറ്റിനുള്ളിലാണ് രക്ഷാപ്രവര്‍ത്തനം നടത്തിയത്. ആശുപത്രിയില്‍ എത്തിക്കുമ്പോള്‍ തന്നെ മന്ത്രി കെ. രാജന്‍ അടക്കമുള്ളവര്‍ ആശുപത്രിയില്‍ എത്തിയിരുന്നു.

Exit mobile version