ഭാവഗായകന് അന്ത്യാഞ്ജലി; സം​ഗീത അക്കാദമി ഹാളിൽ പൊതുദർശനം; സംസ്കാരം നാളെ

playback singer P Jayachandran died at Thrissur

ഭാവ​ഗായകൻ പി ജയചന്ദ്രന് അവസാന യാത്രയപ്പ് നൽകാനൊരുങ്ങി നാട്. ജയചന്ദ്രന്റെ ഭൗതിക ദേഹം തൃശ്ശൂരിലെ സം​ഗീത നാടക അക്കാദമി ഹാളിൽ പൊതുദർശനത്തിനെത്തിച്ചു. പ്രിയ​ഗായകനെ അവസാനമായി കാണാൻ ജനപ്രതിനിധികൾ ഉൾപ്പെടെ നിരവധി പേരാണ് എത്തിച്ചേർന്നിരിക്കുന്നത്.

ഇന്ന് രാവിലെ എട്ട് മണിയോടെ തൃശ്ശൂർ അമല ആശുപത്രിയിൽ നിന്ന് പൂങ്കുന്നത്തെ വീട്ടിലെത്തിച്ച ഭൗതികദേഹത്തിന് അന്ത്യാജ്ഞലി അർപ്പിക്കാൻ നിരവധി പേരെത്തി. വീട്ടിലേക്കെത്തിക്കാൻ വൈകിയതിനാൽ സം​ഗീത അക്കാദമിയിലെ പൊതുദർശന സമയത്തിലും മാറ്റം വന്നു. 11.15 ഓടു കൂടിയാണ് അക്കാദമി ഹാളിൽ ഭൗതികദേഹം എത്തിച്ചത്. ജനിച്ച നാട് എറണാകുളം ആണെങ്കിലും ​ഗായകനെന്ന നിലയിൽ ജയചന്ദ്രനിൽ സ്വാധീനം ചെലുത്തിയ നാട് തൃശ്ശൂരാണ്. അതുകൊണ്ട് തന്നെ പ്രിയ​ഗായകനെ അവസാനമായി ഒരുനോക്ക് കാണാൻ ആളുകളെത്തിക്കൊണ്ടിരിക്കുകയാണ്.

നാളെ രാവിലെ എട്ട് മണിക്ക് പറവൂർ ചേന്ദമംഗലത്തുള്ള പാലിയം തറവാട്ടുവീട്ടിലേക്ക് മൃതദേഹം കൊണ്ടുപോകും. വൈകീട്ട് മൂന്നരയ്ക്ക് ആണ് സംസ്കാരം.

Exit mobile version