ഇന്ത്യാ ഗേറ്റിൻ്റെ പേര് ‘ഭാരത് മാതാ ദ്വാർ’ എന്ന് പുനർനാമകരണം ചെയ്യണമെന്ന് ബിജെപി ന്യൂനപക്ഷ മോർച്ചയുടെ ദേശീയ പ്രസിഡൻ്റ് ജമാൽ സിദ്ദിഖി ആവശ്യപ്പെട്ടു.
പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് അയച്ച കത്തിലാണ് ആവശ്യം ഉന്നയിച്ചിരികുന്നത്. പേര് മാറ്റം വീരമൃത്യു വരിച്ച ജവാന്മാർക്ക് ഉചിതമായ ആദരവാകുമെന്ന് കത്തിൽ സിദ്ദിഖി പറയുന്നു.
ഇന്ത്യാ ഗേറ്റ് ഒന്നാം ലോകമഹായുദ്ധത്തിലും മൂന്നാം ആംഗ്ലോ-അഫ്ഗാൻ യുദ്ധത്തിലും മരിച്ച 70,000 ബ്രിട്ടീഷ് ഇന്ത്യൻ ആർമിയിലെ സൈനികരെ അനുസ്മരിക്കുന്നതിന് വേണ്ടി 1931-ൽ നിർമ്മിക്കപ്പെട്ട സ്മാരകമാണ് . ഇന്ത്യയുടെ സ്വാതന്ത്ര്യത്തിന് ശേഷം ഇന്ത്യൻ സേനയുടെ ഒരു യുദ്ധ സ്മാരകം ഇതിനുള്ളിൽ സ്ഥാപിച്ചു. അമർ ജവാൻ ജ്യോതി എന്നാണ് ഈ സ്മാരകം അറിയപ്പെടുന്നത്.
ഇന്ത്യയിലെ ഏറ്റവും വലിയ യുദ്ധസ്മാരകങ്ങളിലൊന്നായി അംഗീകരിക്കപ്പെട്ട ഇന്ത്യാ ഗേറ്റ് ദേശീയ അഭിമാനത്തിൻ്റെ പ്രതീകമാണ്.
കഴിഞ്ഞ വർഷം ജൂലൈയിൽ, രാഷ്ട്രപതി ഭവനിലെ ‘ദർബാർ ഹാൾ’, ‘അശോക് ഹാൾ’ എന്നിവ യഥാക്രമം ‘ഗണതന്ത്ര മണ്ഡപം’, ‘അശോക് മണ്ഡപം’ എന്നിങ്ങനെ പുനർനാമകരണം ചെയ്യപ്പെട്ടിരുന്നു.