പ്രിയങ്കാ ഗാന്ധിക്കെതിരായി നടത്തിയ സ്ത്രീവിരുദ്ധപരാമര്‍ശം പിന്‍വലിച്ച് ബി.ജെ.പി. മുന്‍ എം.പിയും ഡല്‍ഹി നിയമസഭാ തിരഞ്ഞെടുപ്പിലെ ബി.ജെ.പി. സ്ഥാനാര്‍ഥിയുമായ രമേശ് ബിധുരി. പരാമര്‍ശത്തില്‍ താന്‍ ഖേദം പ്രകടിപ്പിക്കുന്നുവെന്നും വാക്കുകള്‍ തിരിച്ചെടുക്കുന്നുവെന്നും ബിധുരി പറഞ്ഞു. നേരത്തെ, ബിധുരി പരാമര്‍ശത്തെ ന്യായീകരിച്ചിരുന്നു.
ഡല്‍ഹിയിലെ കല്‍ക്കാജി മണ്ഡലത്തിലെ ബി.ജെ.പി. സ്ഥാനാര്‍ഥിയാണ് രമേശ് ബിധുരി. താന്‍ വിജയിച്ചാല്‍ മണ്ഡലത്തിലെ റോഡുകള്‍ പ്രിയങ്കാ ഗാന്ധിയുടെ കവിളുകള്‍പോലെ മിനുസമുള്ളതാക്കുമെന്നായിരുന്നു ബിധുരിയുടെ പരാമര്‍ശം. പരാമര്‍ശത്തിനെതിരെ കോണ്‍ഗ്രസും ആം ആദ്മി പാര്‍ട്ടിയും രംഗത്തെത്തി.
ബിധുരിയുടെ പരാമര്‍ശം താന്‍ കേട്ടിട്ടില്ലെന്നായിരുന്നു ബി.ജെ.പി. സംസ്ഥാന പ്രസിഡന്റിന്റെ പ്രതികരണം. അതേസമയം, സ്ത്രീകളെ അപകീര്‍ത്തിപ്പെടുത്തുന്ന പരാമര്‍ശങ്ങള്‍ ഒഴിവാക്കപ്പെടേണ്ടതാണെന്നും വീരേന്ദ്ര സച്ഛ്‌ദേവ അഭിപ്രായപ്പെട്ടിരുന്നു.
നേരത്തെ, ബി.എസ്.പി. എം.പിയായിരുന്ന ഡാനിഷ് അലിക്കെതിരെ വിദ്വേഷ പരാര്‍ശം നടത്തി രമേശ് ബിധുരി വിവാദങ്ങളില്‍പ്പെട്ടിരുന്നു. പാര്‍ലമെന്റിന്റെ പ്രത്യേകസമ്മേളനത്തില്‍ നടത്തിയ പരാമര്‍ശത്തില്‍ ബിധുരിക്കെതിരെ വലിയ വിമര്‍ശനം ഉയര്‍ന്നിരുന്നു. പിന്നാലെ ലോക്സഭാ തിരഞ്ഞെടുപ്പില്‍ ബി.ജെ.പി. ബിധുരിക്ക് സീറ്റ് നിഷേധിച്ചു. ഇത്തവണ കല്‍ക്കാജി മണ്ഡലത്തില്‍ നിലവിലെ ഡല്‍ഹി മുഖ്യമന്ത്രി അതിഷിയേയും മഹിളാ കോണ്‍ഗ്രസ് ദേശീയ അധ്യക്ഷ അല്‍ക ലാംബയേയുമാണ് ബിധുരി നേരിടുന്നത്.
Discussion about this post