അക്ബർ റോഡിലെ 24–ാം നമ്പർ ബംഗ്ലാവിലെ നാലരപ്പതിറ്റാണ്ടിലേറെ നീണ്ടകാലം ചരിത്രമാക്കി, കോൺഗ്രസ് പുതിയ വിലാസത്തിലേക്കു വൈകാതെ മാറും. കോട്‌ല മാർഗ് റോഡിലെ 9എയിൽ ‘ഇന്ദിര ഭവൻ’ എന്ന പുതിയ വിലാസമാകും ഇന്ത്യൻ നാഷനൽ കോൺഗ്രസിന്റെ ആസ്ഥാന മന്ദിരത്തിനു ലഭിക്കുക. ഇതുമായി ബന്ധപ്പെട്ടുണ്ടായിരുന്ന സാങ്കേതിക തടസ്സങ്ങൾ നീങ്ങി.
6 നിലകളിലായാണു പുതിയ ഓഫിസ് മന്ദിരം. എഐസിസി ഭാരവാഹികൾക്കായുള്ള ഓഫിസുകൾക്കു പുറമേ, കോൺഫറൻസ് ഹാളുകൾ, ലൈബ്രറി, ഗവേഷണ കേന്ദ്രം, കോൺഗ്രസിലെ പോഷക സംഘടനകൾക്കുള്ള ഓഫിസ് തുടങ്ങിയ സൗകര്യങ്ങളുണ്ട്. ബിജെപി ആസ്ഥാന മന്ദിരം ഉൾപ്പെടെയുള്ള ദീൻ ദയാൽ ഉപാധ്യായ മാർഗ് അടുത്തുണ്ടെങ്കിലും കോട്‌ല മാർഗ് 9എ എന്ന വിലാസമാണ് കോൺഗ്രസ് സ്വീകരിക്കുക.
2016–ലാണ് നിർമാണം ആരംഭിച്ചതെങ്കിലും പൂർത്തിയാകാൻ വൈകി. 1978–ൽ സംഘടനയിലെ പിളർപ്പിനെ തുടർന്ന് ജനുവരിയിലാണ് ഇന്ദിരാഗാന്ധിയുടെ നേതൃത്വത്തിൽ കോൺഗ്രസ് ഇപ്പോഴത്തെ അക്ബർ റോഡ് 24–ാം നമ്പർ ബംഗ്ലാവിലേക്കു മാറിയത്. ഇന്ദിരയുടെ വിശ്വസ്തനായ എംപി ജി.വെങ്കിട്ടസ്വാമിയുടെ ഔദ്യോഗിക വസതിയായിരുന്നു അന്നത്. അതിനു മുൻപ് ജന്തർമന്തർ റോഡിലായിരുന്നു കോൺഗ്രസിന്റെ ആസ്ഥാനം. കെ.സി.വേണുഗോപാൽ സംഘടനാ ജനറൽ സെക്രട്ടറിയായ ശേഷമാണു നിർമാണം പൂർത്തീകരിക്കാൻ നടപടിയായത്.
Discussion about this post