എൻസിപി ലയനം ആഗ്രഹിച്ച് അജിത് പക്ഷം?

മഹാരാഷ്ട്രയിൽ രാഷ്ട്രീയ അഭ്യൂഹങ്ങൾ സജീവമാക്കി ഉപമുഖ്യമന്ത്രിയും എൻസിപി നേതാവുമായ അജിത് പവാറിന്റെ അമ്മ ആശതായ് പവാറിന്റെ പ്രതികരണം.

തന്റെ മകനും അമ്മാവൻ ശരദ് പവാറും തമ്മിലുള്ള പിണക്കം മാറാൻ ഭഗവാനോട് പ്രാർഥിച്ചതായാണ് ആശതായ് പവാര്‍ കഴിഞ്ഞ ദിവസം വെളിപ്പെടുത്തിയത്.

മഹാരാഷ്ട്ര നിയമസഭാ തെരഞ്ഞെടുപ്പിന് ശേഷം NCPയെ ഒരുമിപ്പിക്കാനുള്ള ശ്രമങ്ങൾ നടക്കുന്നുണ്ടെന്ന ഊഹാപോഹങ്ങൾക്കിടയിലെ ആശതായുടെ പ്രതികരണം ചർച്ചയാവുകയാണ്

അമ്മാവനായ ശരദ് പവാറിന്റെ തണല് പറ്റിയാണ് അജിത് പവാര്‍ രാഷ്ട്രീയ പ്രവര്‍ത്തനം തുടങ്ങുന്നതും മുന്നോട്ടുകൊണ്ടുപോയതും. മൂന്ന് പതിറ്റാണ്ടിലേറെ ശരദ് പവാറുമായി ചേര്‍ന്ന് പോയതിനൊടുവില്‍ 2023 ജൂലൈയിലാണ് തെറ്റിപ്പിരിയുന്നതും മറുകണ്ടം ചാടുന്നതും.

അതേസമയം ആശതായ് പവാറിന്റെ അമ്മയുടെ പ്രതികരണത്തെ സ്വാഗതം ചെയ്യുകയാണ് എന്‍സിപി അജിത് പവാര്‍ വിഭാഗം.

ശരദ് പവാർ എന്നും ഞങ്ങൾക്ക് അച്ഛനെ പോലെയാണെന്നാണ് മുതിര്‍ന്ന നേതാവ് പ്രഫുല്‍ പട്ടേല്‍ പറഞ്ഞത്. പവാർ കുടുംബം വീണ്ടും ഒന്നിച്ചാൽ സന്തോഷമേയുള്ളൂവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ആശയുടെ പ്രതികരണത്തെ സ്വാഗതം ചെയ്ത് എന്‍സിപി നേതാവും മന്ത്രിയുമായ നർഹരി സിർവാളും രംഗത്ത് എത്തിയിരുന്നു. ഇരുവരും ഒരുമിച്ചാല്‍ തന്നെപ്പോലെയുള്ള പാർട്ടി പ്രവർത്തകർക്ക് ആവേശം പകരുമെന്നും മന്ത്രി പറഞ്ഞു.

അതേസമയം വിഷയത്തിൽ ശരദ് പവാറോ അദ്ദേഹത്തിന്റെ പാര്‍ട്ടി നേതാക്കളോ പ്രതികരിച്ചിട്ടില്ല.

Exit mobile version