സംസ്ഥാനത്ത് ക്രിസ്മസിനും തലേന്നുമായി റെക്കോര്‍ഡ് മദ്യവിൽപ്പന

liquor sales kerala

കേരളത്തിൽ ബീവറേജസ് ഔട്ട് ലെറ്റുകളിലൂടെ റെക്കോർഡ് മദ്യവിൽപ്പന. ക്രിസ്മസ് ദിനത്തിലെയും തലേ ദിവസത്തെയും മദ്യവിൽപനയുടെ കണക്കുകളാണ് ബീവറേജസ് കോർപ്പറേഷൻ പുറത്തുവിട്ടത്. ഈ വർഷം ഡിസംബർ 24,25 തീയതികളിൽ ആകെ 152.06 കോടിയുടെ മദ്യ വിറ്റഴിച്ചപ്പോൾ കഴിഞ്ഞ വർഷം ഇതേ തീയതികളിലായി 122.14 കോടിയുടെ മദ്യമാണ് വിറ്റത്.

ക്രിസ്മസ് ദിനമായ 25നും തലേദിവസമായ 24നുമുള്ള മദ്യവിൽപനയിൽ കഴിഞ്ഞ വർഷത്തേക്കാൾ 24.50 ശതമാനത്തിൻറെ (29.92 കോടി) വർധനവാണ് ഉണ്ടായത്. മുൻ വർഷങ്ങളെ അപേക്ഷിച്ച് മദ്യ വിലയിലുള്ള വർധനവും കൂടുതൽ തുകയ്ക്കുള്ള മദ്യവിൽപനക്ക് കാരണമായിട്ടുണ്ട്. ഈ വർഷം ഡിസംബർ 25ന് ബീവറേജസ് ഔട്ട് ലെറ്റുകളിലൂടെ 54.64 കോടിയുടെ മദ്യമാണ് വിറ്റഴിച്ചത്. കഴിഞ്ഞ വർഷം ഡിസംബർ 25ന് ഔട്ട്ലെറ്റുകളിലൂടെ 51.14 കോടിയുടെ മദ്യമാണ് വിറ്റഴിച്ചത്. ഡിസംബർ 25ലെ വിൽപനയിൽ കഴിഞ്ഞ വർഷത്തേക്കാൾ 6.84ശതമാനത്തിൻറെ വർധനവാണ് ഈ വര്ഷം ഉണ്ടായത്.

ഈ വർഷം ഡിസംബർ 24ന് ഔട്ട്ലെറ്റുകളിലൂടെ 71.40 കോടിയുടെയും വെയർഹൗസുകളിലൂടെ 26.02 കോടിയുടെയും അടക്കം ആകെ 97.42 കോടിയുടെ മദ്യം വിറ്റഴിഞ്ഞു. 2023 ഡിസംബർ 24ന് ഔട്ട്ലെറ്റുകളിലൂടെ 71 കോടിയുടെ മദ്യമാണ് വിറ്റഴിച്ചിരുന്നത്. ഡിസംബർ 24ലെ വിൽപ്പനയിൽ 37.21 ശതമാനത്തിൻറെ വർധനവാണ് ഇത്തവണയുണ്ടായത്.

Exit mobile version