ശബരിമലയിൽ ദർശനത്തിനെത്തിയ ഭക്തരുടെ എണ്ണം ഇന്നലെ ഒരുലക്ഷം കവിഞ്ഞു. 1,06,621 ഭക്തരാണ് തിങ്കളാഴ്ച (ഡിസംബർ 23) ദർശനം നടത്തിയത്. സീസണിലെ റെക്കോഡ് തിരക്കാണിത്. സ്‌പോട്ട് ബുക്കിങ് വഴി 22,769 പേരും പുൽമേട് വഴി 5175 പേരുമാണ് എത്തിയത്.
തിങ്കളാഴ്ച വരെ 30,78,049 ഭക്തരാണ് എത്തിയത്. കഴിഞ്ഞ വർഷത്തേക്കാൾ 4,45,908 പേർ കൂടുതൽ. കഴിഞ്ഞവർഷം ഈ കാലയളവു വരെ 26,41,141 പേരാണ് എത്തിയത്. ഇത്തവണ സ്‌പോട്ട് ബുക്കിങ് വഴി 5,33,929 പേരും പുല്ലുമേട് വഴി 69504 പേരും എത്തി. പുല്ലുമേടുവഴി എത്തുന്നവരുടെ എണ്ണത്തിലും കാര്യമായ വർധനയുണ്ടായിട്ടുണ്ട്. കഴിഞ്ഞവർഷം ഈ സമയം വരെ പുല്ലുമേട് വഴി എത്തിയത് 57,854 പേരാണ്.
ഈവർഷത്തെ ശബരിമലക്ഷേത്രത്തിലെ മണ്ഡലപൂജ ഡിസംബർ 26ന് ഉച്ചക്ക് പന്ത്രണ്ടിനും 12.30നും ഇടക്കുള്ള മുഹൂർത്തത്തിൽ തന്ത്രി കണ്ഠര് രാജീവരുടെ കാർമികത്വത്തിൽ നടക്കുമെന്നു ദേവസ്വം ബോർഡ് പ്രസിഡന്റ് പി.എസ്. പ്രശാന്തും ബോർഡംഗം എ. അജികുമാറും പത്രസമ്മേളനത്തിൽ അറിയിച്ചു.
ഡിസംബർ 22നു രാവിലെ ആറന്മുള പാർത്ഥസാരഥിക്ഷേത്രത്തിൽനിന്നാരംഭിച്ച തങ്ക അങ്കി രഥഘോഷയാത്ര ബുധനാഴ്ച(ഡിസംബർ 25) ഉച്ചക്ക് 1.30ന് പമ്പയിൽ എത്തിച്ചേരും. പമ്പയിൽ ദേവസ്വം വകുപ്പ് മന്ത്രി വി.എൻ വാസവൻ തങ്കഅങ്കി ഘോഷയാത്രയെ സ്വീകരിക്കും.
Discussion about this post