ഡി.വൈ.എഫ്.ഐ ജില്ല സെക്രട്ടറി കെ. റഫീഖിനെ സി.പി.എം വയനാട് ജില്ല സെക്രട്ടറിയായി ജില്ല സമ്മേളനത്തിൽ തിരഞ്ഞെടുത്തു. നിലവിൽ ജില്ല സെക്രട്ടറിയായിരുന്ന പി. ഗഗാറിൻ തുടരുമെന്ന് പ്രതീക്ഷിച്ചിരിക്കെയാണ് അപ്രതീക്ഷിതമായി സെക്രട്ടറി മാറ്റം നടന്നത്. ഗഗാറിനെ സെക്രട്ടറി സ്ഥാനത്തുനിന്ന് മാറ്റണമെന്ന് ആവശ്യമുയരുകയായിരുന്നു.
കെ. റഫീഖിൻറെ പേര് നിർദേശിച്ചതോടെ മത്സരമുണ്ടായതായാണ് വിവരം. ഇതോടെ, വോട്ടെടുപ്പിലൂടെയാണ് റഫീഖിനെ സെക്രട്ടറി സ്ഥാനത്തേക്ക് തിരഞ്ഞെടുത്തത്. പുതുതായി തിരഞ്ഞെടുക്കപ്പെട്ട 27 അംഗ കമ്മറ്റിയിൽ 16 പേർ റഫീഖിനെയും 11 പേർ ഗഗാറിനെയും പിന്തുണക്കുകയായിരുന്നു.
ജില്ല സമ്മേളനം തെരഞ്ഞെടുത്ത 27 അംഗ കമ്മറ്റിയിൽ അഞ്ച് പുതുമുഖങ്ങൾ ഉണ്ട്. ഡി.വൈ.എഫ്.ഐ സംസ്ഥാന ജോയിന്റ് സെക്രട്ടറി കൂടിയായ 36കാരനായ റഫീഖ് പ്രായം കുറഞ്ഞ സി.പി.എം ജില്ല സെക്രട്ടറികൂടിയായി.
അതേസമയം, യുവനേതാക്കൾക്ക് വളർന്നുവരാനുള്ള അവസരം നൽകുന്ന പാർട്ടി നയത്തിൻറെ ഭാഗമായാണ് റഫീഖ് സെക്രട്ടറിയായതെന്ന് സി.പി.എം കേന്ദ്ര കമ്മിറ്റിയംഗം പി.കെ. ശ്രീമതി പറഞ്ഞു. ഗഗാറിൻ മറ്റ് ചുമതലകൾ ഉള്ളതിനാൽ പിന്മാറുകയായിരുന്നു. മത്സരമുണ്ടായിട്ടില്ലെന്നും ഏകകണ്ഠമായാണ് റഫീഖിനെ സെക്രട്ടറിയാക്കിയതെന്നും ശ്രീമതി പറഞ്ഞു.