വിനീഷ്യസ് ദ ബെസ്റ്റ്

ഈ വർഷത്തെ ഫിഫ ദ് ബെസ്റ്റ് പുരസ്‌കാരം ബ്രസീലിയന്‍ താരം വിനീഷ്യസ് ജൂനിയർ സ്വന്തമാക്കി.

ദോഹയില്‍ നടന്ന ചടങ്ങില്‍ ഫിഫ പ്രസിഡന്റ് ജിയാനി ഇന്‍ഫാന്റീനോയാണ് വിനീഷ്യസിന് പുരസ്‌കാരം സമ്മാനിച്ചത്.

ബാലന്‍ദ്യോര്‍ പുരസ്‌കാരം വിനീഷ്യസിന് ലഭിക്കാതെ പോയത് വലിയ വിവാദമായിരുന്നു. റയല്‍ മാഡ്രിഡ് ക്ലബ്ബും സഹതാരങ്ങളും ബാലന്‍ദ്യോര്‍ നിരസിക്കുക പോലും ചെയ്തിരുന്നു.

എന്നാല്‍ ഫിഫയുടെ ബെസ്റ്റ് താരമായി വിനീഷ്യസ് എത്തിയതോടെ അര്‍ഹതക്കുള്ള അംഗീകാരമായി ഇത് മാറി. അവസാന ലാ ലിഗയും ചാമ്പ്യന്‍സ് ലീഗും റയല്‍ മാഡ്രിഡ് നേടിയത് വിനീഷ്യസിന്റെ മികവിലായിരുന്നുവെന്ന് പറയാം. അതുകൊണ്ടുതന്നെ ഈ അംഗീകാരം വിനീഷ്യസ് അര്‍ഹിച്ചിരുന്നു.

സ്പാനിഷ് താരം റോഡ്രി, ഫ്രാന്‍സിന്റെ കെയ്‌ലിയന്‍ എംബാപ്പെ, മാഞ്ചസ്റ്റര്‍ സിറ്റിയുടെ എര്‍ലിങ് ഹാളണ്ട്, ഇതിഹാസ താരം ലയണല്‍ മെസി തുടങ്ങിയ പ്രമുഖ താരങ്ങളെ എല്ലാം പിന്തള്ളിയാണ് വിനീഷ്യസ് ജൂനിയറിന്റെ പുരസ്‌കാര നേട്ടം.

ഈ നേട്ടത്തിലെത്തുന്ന ആറാമത്തെ ബ്രസീല്‍ താരമാണ് വിനീഷ്യസ്. റൊമാരിയോ റൊണാള്‍ഡോ, റിവാള്‍ഡോ, റൊണാള്‍ഡീന്യോ, കക്ക എന്നിവരാണ് വിനീഷ്യസിന് മുമ്പ് ഈ നേട്ടത്തിലെത്തിയ ബ്രസീല്‍ താരം. 2007ന് ശേഷം ഈ നേട്ടത്തിലെത്തുന്ന ആദ്യത്തെ ബ്രസീല്‍ താരമായി വിനീഷ്യസ് മാറി. നെയ്മറിന് പോലും സാധിക്കാത്ത നേട്ടമാണ് വിനീഷ്യസ് നേടിയത്.

അതേ സമയം മികച്ച വനിതാ താരമായത് സ്പാനിഷ് താരം എയ്റ്റാന ബോണ്‍മാറ്റിയാണ്. തുടര്‍ച്ചയായ രണ്ടാം തവണയാണ് ബോണ്‍മാറ്റി മികച്ച വനിതാ താരമാകുന്നത്. മികച്ച വനിതാ താരത്തിനുള്ള ബാലന്‍ദ്യോറും ബോണ്‍മാറ്റിക്കായിരുന്നു. ബാഴ്‌സലോണക്കും സ്പാനിഷ് ടീമിനും ഒപ്പമുള്ള മികച്ച പ്രകടനങ്ങള്‍ വിലയിരുത്തിയാണ് ഈ പുരസ്‌കാരം നല്‍കിയത്.

മികച്ച പുരുഷ ടീം പരിശീലകനുള്ള പുരസ്‌കാരം റയല്‍ മാഡ്രിഡിന്റെ കാര്‍ലോ ആഞ്ചലോട്ടിയാണ് നേടിയത്. റയലിനെ കഴിഞ്ഞ സീസണില്‍ ലീഗ് കിരീടത്തിലേക്കും ചാമ്പ്യന്‍സ് ലീഗിലേക്കുമെത്തിക്കാന്‍ ആഞ്ചലോട്ടിക്കായി. വനിതാ ടീം പരിശീലകക്കുള്ള പുരസ്‌കാരം ചെല്‍സി, യുഎസ് ടീം പരിശീലകയായ എമ്മ ഹെയ്‌സിനാണ്. പുഷ്‌കാസ് പുരസ്‌കാരം മാഞ്ചസ്റ്റര്‍ യുണൈറ്റഡിന്റെ അര്‍ജന്റീന താരം അലസാന്‍ഡ്രോ ഗര്‍നാച്ചോ നേടിയപ്പോള്‍ മാര്‍ത്ത പുരസ്‌കാരം ബ്രസീലിന്റെ സൂപ്പര്‍ താരം മാര്‍ത്ത തന്നെ സ്വന്തമാക്കി.

മികച്ച ഗോള്‍കീപ്പറായി അര്‍ജന്റീനയുടെ എമിലിയാനോ മാര്‍ട്ടിനെസ് മാറിയപ്പോള്‍ മികച്ച വനിതാ ഗോള്‍കീപ്പര്‍ക്കുള്ള പുരസ്‌കാരം അമേരിക്കയുടെ അലീസ നെഹര്‍ നേടി. ഫെയര്‍പ്ലേ അവാര്‍ഡ് ബ്രസീലിന്റെ തിയാഗോ മയ നേടിയെടുത്തപ്പോള്‍ ഫാന്‍ പുരസ്‌കാരത്തിന് ബ്രസീലിന്റെ ഗ്വില്ലര്‍മ ഗ്രാന്‍ഡ മൗറയും അര്‍ഹനായി.

 

Exit mobile version