ലോക്സഭയിലെ തന്റെ കന്നി പ്രസംഗത്തിൽ ബിജെപിക്കെതിരെ ആഞ്ഞടിച്ച് കോൺഗ്രസ് എംപി പ്രിയങ്ക ഗാന്ധി.
പാർലമെന്റ് ആക്രമണത്തിൽ കൊല്ലപ്പെട്ടവർക്ക് ആദരാഞ്ജലിയർപ്പിച്ച് പ്രസംഗം ആരംഭിച്ച പ്രിയങ്ക, അദാനി, കർഷക, മണിപ്പൂർ സംഭൽ വിഷയങ്ങൾ ഉയർത്തി കേന്ദ്രത്തിനെതിരെ ആഞ്ഞടിച്ചു.
ഒരുവേളയിൽ പ്രസംഗത്തിൽ ഇടപെട്ട് ചർച്ച ഭരണഘടനയിന്മേലാണെന്നടക്കം സ്പീക്കർ ഓർപ്പിച്ചെങ്കിലും, തെരഞ്ഞെടുപ്പ് അട്ടിമറി നീക്കങ്ങളടക്കം സഭയിൽ ആദ്യ പ്രസംഗത്തിൽ ഉന്നയിക്കാൻ പ്രിയങ്കയ്ക്ക് കഴിഞ്ഞു.
ബിജെപി സർക്കാർ ഭരണഘടനയെ തുരങ്കം വയ്ക്കുന്നുവെന്നും രാജ്യത്തെ 142 കോടി പൗരന്മാരേക്കാൾ അവർ പ്രാധാന്യം നൽകുന്നത് ചില വ്യക്തികൾക്കാണെന്ന് വയനാട് എം പി ആരോപിച്ചു.
ശതകോടീശ്വരൻ്റെ നേട്ടത്തിന് വേണ്ടിയാണ് സർക്കാർ പ്രവർത്തിക്കുന്നതെന്ന് പ്രിയങ്ക കുറ്റപ്പെടുത്തി. ഒരു വ്യക്തിക്ക് വേണ്ടി കേന്ദ്രം എല്ലാം അട്ടിമറിക്കുകയാണെന്നും അവർ പറഞ്ഞു. വിലക്കയറ്റവും തൊഴിലില്ലായ്മയും ജനത്തെ ബുദ്ധിമുട്ടിക്കുമ്പോഴും സർക്കാർ പിന്തുണക്കുന്നത് അദാനിയെയാണ്. ഭരണഘടന സ്ഥാപനങ്ങളെ ദുർബലപ്പെടുത്തുകയും സമ്പദ് വ്യവസ്ഥയെ ദുർബലമാക്കിയിരിക്കുകയുമാണെന്ന് പ്രിയങ്ക ആരോപിച്ചു. സത്യം പറയുന്നവരെ ജയിലിലിടുന്നു. പ്രതിപക്ഷ നേതാക്കൾ, മാധ്യമ പ്രവർത്തകർ, ആക്ടിവിസ്റ്റുകൾ എല്ലാവരെയും ജയിലിലിടുകയും രാജ്യദ്രോഹികളായി കുറ്റം ചുമത്തുകയും ചെയ്യുന്നുവെന്ന് പ്രിയങ്ക പറഞ്ഞു.
ഭരണഘടനയുടെ ശക്തി എന്താണെന്ന് കഴിഞ്ഞ തെരഞ്ഞെടുപ്പിൽ മോദി സർക്കാർ തിരിച്ചറിഞ്ഞു. ഈ സർക്കാർ എന്തുകൊണ്ട് ജാതി സെൻസസിനെ ഭയക്കുന്നുവെന്ന ചോദ്യമുയർത്തിയ പ്രിയങ്കാ ഗാന്ധി ഭരണഘടനയെ ദുർബലപ്പെടുത്താൻ എല്ലാ വഴികളും ഈ സർക്കാർ തേടുകയാണെന്നും കുറ്റപ്പെടുത്തി. ഭാരതത്തിന്റേത് പുരാതന സംസ്കാരമാണ്. വേദങ്ങളിലും, പുരാണങ്ങളിലും, സൂഫി ഗ്രന്ഥങ്ങളിലുമെല്ലാം നമ്മുടെ പാരമ്പര്യം പരാമർശിക്കപ്പെട്ടിരിക്കുന്നു. നമ്മുടെ ജനതക്ക് തുല്യതയും, അവകാശവും ഭരണഘടന നൽകുന്നുവെന്നും പ്രിയങ്ക പറഞ്ഞു. ഭരണഘടനയെ അട്ടിമറിക്കാനുളള എല്ലാ ശ്രമത്തെയും ശക്തമായി ചെറുക്കുമെന്നും പ്രിയങ്ക സഭയിൽ പറഞ്ഞു.
ബാലറ്റ് പേപ്പറിലൂടെ തെരഞ്ഞെടുപ്പ് നടത്താൻ ധൈര്യമുണ്ടോ എന്ന് ഭരണപക്ഷത്തോട് പ്രിയങ്ക ചോദിച്ചു. ഭരണഘടന സംരക്ഷണം നല്കുമെന്നണ് ഇതുവരെ ജനങ്ങൾ വിശ്വസിച്ചിരുന്നത്. എന്നാൽ ഇപ്പോൾ ആ വിശ്വാസം സാധാരണക്കാർക്ക് ഇല്ല. സത്യത്തിലും അഹിംസയിലും അധിഷ്‌ഠിതമായതിനാൽ നമ്മുടെ സ്വാതന്ത്ര്യസമരം ലോകത്തിലെ അതുല്യമായ ഒന്നായിരുന്നുവെന്ന് പ്രിയങ്ക ഗാന്ധി പറഞ്ഞു. ജാതി സെൻസസ് ആവശ്യം ഉന്നയിക്കുമ്പോൾ ബിജെപി മൗനം പാലിച്ചുവെന്ന് പ്രിയങ്ക പറഞ്ഞു. അദാനി വിഷയത്തിൽ ചർച്ച നടത്താൻ സർക്കാരിന് ഭയമാണെന്നും പ്രിയങ്ക ആരോപിച്ചു.
Discussion about this post