ഇംഗ്ലീഷ് പ്രീമിയർ ലീഗിൽ തുടർച്ചയായ നാലാം മത്സരത്തിലും മാഞ്ചസ്റ്റർ സിറ്റിക്ക് പരാജയം. ഇത്തവണ ലിവർപൂളിനോട് എതിരില്ലാത്ത രണ്ട് ഗോളുകൾക്കാണ് പെപ് ഗ്വാർഡിയോളയുടെ സംഘം പരാജയപ്പെട്ടത്. കോഡി ഗാക്പോയും മുഹമ്മദ് സലായും ലിവർപൂളിനായി വല ചലിപ്പിച്ചു. എല്ലാ ലീഗുകളിലുമായി മാഞ്ചസ്റ്റർ സിറ്റിയുടെ ഏഴാം മത്സരത്തിലെ ആറാം പരാജയമാണിത്.
മത്സരത്തിന്റെ ആദ്യ മിനിറ്റുകളിൽ തന്നെ ലിവർപൂൾ ആക്രമണം ആരംഭിച്ചു. 12-ാം മിനിറ്റായപ്പോൾ ആദ്യ ഗോൾ പിറന്നു. മുഹമ്മദ് സലാ നൽകിയ പാസ് കോഡി ഗാക്പോ വലയിലേക്ക് തട്ടി. പിന്നാലെ ലിവർപൂൾ മത്സരം പൂർണമായും നിയന്ത്രണത്തിലാക്കി. ആക്രമണങ്ങളുടെ അഭാവം സിറ്റിയുടെ മുന്നേറ്റത്തിൽ നിഴലിച്ചിരുന്നു. ആദ്യ പകുതിയിൽ ലിവർപൂൾ ഒരു ഗോളിന് ലീഡ് ചെയ്തപ്പോൾ ആക്രമണത്തിലും പ്രതിരോധത്തിലും ബുദ്ധിമുട്ടുകയായിരുന്നു സിറ്റി.
രണ്ടാം പകുതിയിൽ സിറ്റി തിരിച്ചുവരവിന് ശ്രമിച്ചെങ്കിലും 75-ാം മിനിറ്റിൽ ലിവർപൂളിന് അനുകൂലമായി പെനാൽറ്റി ലഭിച്ചു. കിക്കെടുത്ത സലാ ഗോൾ അടിച്ചതോടെ ലിവർപൂൾ 2-0ത്തിന് മുന്നിലെത്തി. ഇതോടെ മത്സരഫലവും ഏതാണ്ട് തീരുമാനമായി. ഫൈനൽ വിസിൽ മുഴങ്ങിയപ്പോൾ ലിവർപൂൾ വിജയം ആഘോഷിച്ചു.