കണ്ണൂർ: കണ്ണൂർ എഡിഎം നവീൻ ബാബുവിൻറെ മരണവുമായി ബന്ധപ്പെട്ട് ജില്ലാ കളക്ടർ അരുൺ കെ വിജയൻറെ മൊഴി വീണ്ടും രേഖപ്പെടുത്തി. പ്രത്യേക അന്വേഷണ സംഘം ആണ് മൊഴി എടുത്തത്. ‘ഒരു തെറ്റുപറ്റി’ എന്ന് എഡിഎം തന്നോട് പറഞ്ഞെന്ന കളക്ടറുടെ മൊഴി നേരത്തെ പുറത്ത് വന്നിരുന്നു. ഇതിൽ കൂടുതൽ വ്യക്തത വരുത്താനാണ് വീണ്ടും കളക്ടറുടെ മൊഴി എടുത്തത്.
തെറ്റുപറ്റി എന്ന് എഡിഎം തന്നോട് പറഞ്ഞെന്ന കളക്ടറുടെ മൊഴിക്കെതിരെ നവീൻ ബാബുവിന്റെ കുടുംബം രംഗത്ത് എത്തിയിരുന്നു. മുൻ ജില്ലാ പഞ്ചായത്ത് പ്രസിഡൻറ് പി പി ദിവ്യയെ രക്ഷിക്കാൻ കളക്ടർ കൂട്ട് നിൽക്കുകയാണെന്നായിരുന്നു കുടുംബത്തിന്റെ ആരോപണം. ഇതേ ആരോപണം ഹൈക്കോടതിയിലും കുടുംബം ആവർത്തിച്ചു. ഇതിന് പിന്നാലെയാണ് വീണ്ടും മൊഴി എടുത്തത്. സിബിഐ അന്വേഷണം ആവശ്യപ്പെട്ട് കുടുംബം ഹൈക്കോടതിയിൽ പോയതിന് പിന്നാലെയാണ് നടപടി.
അതിനിടെ നവീൻ ബാബുവിൻറെ മരണവുമായി ബന്ധപ്പെട്ട അന്വേഷണത്തിൻറെ കേസ് ഡയറി ഹാജരാക്കാൻ സംസ്ഥാന പൊലീസിന് ഹൈക്കോടതി നിർദേശം നൽകി. എഡിഎമ്മിൻറേത് ആത്മഹത്യയല്ല, കൊതപാതകമാണെന്നും പ്രതിയായ സിപിഎം കണ്ണൂർ ജില്ലാ കമ്മിറ്റി അംഗം പി പി ദിവ്യയെ രക്ഷിച്ചെടുക്കാനാണ് പൊലീസിന് വ്യഗ്രതയെന്നും നവീൻ ബാബുവിൻറെ കുടുംബം കോടതിയിൽ പറഞ്ഞു. സിബിഐ അന്വേഷണം ആവശ്യപ്പെട്ടുളള ഹർജി ഫയലിൽ സ്വീകരിച്ച സിംഗിൾ ബെഞ്ച്, മറുപടി പറയാൻ സംസ്ഥാന സർക്കാരിനോടും സിബിഐയോടും ആവശ്യപ്പെട്ടു.