ജവഹർലാൽ നെഹ്‌റുവിൽ നിന്നും പ്രിയങ്ക ഗാന്ധിയിലേക്ക് എത്തിനിൽക്കുമ്പോൾ ഗാന്ധി കുടുംബത്തിന് പറയാനുള്ളത് നിരന്തരം പോരാടി ജയിച്ചു വന്ന ചരിത്രങ്ങളുടെ കഥയാണ്. ഇപ്പോഴിതാ വയനാട്ടിൽ നിന്നും ജയിച്ചു കയറുമ്പോൾ ഗാന്ധി കുടുംബത്തിലെ പതിനൊന്നാമത് എംബിയായി പ്രിയങ്ക ഗാന്ധി മാറി. ജവഹർലാൽ നെഹ്‌റു ,വിജയലക്ഷ്മി നെഹ്‌റു, ഫിറോസ് ഗാന്ധി, സഞ്ജയ് ഗാന്ധി, ഭാര്യ മേനക ഗാന്ധി, രാജീവ് ഗാന്ധി, സോണിയ ഗാന്ധി, വരുൺ ഗാന്ധി, രാഹുൽ ഗാന്ധി ഇപ്പോഴിതാ പ്രിയങ്കയും. പ്രിയങ്ക ഗാന്ധിയുടെ മുതുമുത്തച്ഛൻ ജവഹർലാൽ നെഹ്‌റു ഇന്ത്യയുടെ ആദ്യത്തെ പ്രധാനമന്ത്രി ആയിരുന്നു. ഏറ്റവും കൂടുതൽ കാലം പ്രധാനമന്ത്രി ആയിരുന്നതും നെഹ്‌റു ആണ്. മുത്തശ്ശി ഇന്ദിരാഗാന്ധി രാജ്യത്തിൻ്റെ ആദ്യ വനിതാ പ്രധാനമന്ത്രിയായിരുന്നു, അച്ഛൻ ഇന്ത്യയിലെ ഏറ്റവും പ്രായം കുറഞ്ഞ പ്രധാനമന്ത്രിയും. ഇങ്ങനെ നീളുന്നു ചരിത്രം.
ഗാന്ധി ചരിത്രം പറയുമ്പോൾ ഇന്ദിരാ ഗാന്ധി എന്നപേര് ഒരിക്കലും വിട്ട് പോകാൻ പാടിലാത്ത ഒന്നാണ്. പ്രധാനമന്ത്രിയെന്നതിനപ്പുറം, ദേശീയ നേതാവ്, സ്ത്രീ ശക്തിയുടെ പ്രതീകം എന്നീ നിലകളിൽ ഇന്ദിര ഗാന്ധി ഇന്ത്യക്കാരുടെ ഹൃദയത്തിൽ ഇടം നേടിയിരുന്നു. ചെറുപ്പം മുതൽ തന്നെ അച്ഛനായ നെഹ്രുവിനൊപ്പം ദേശീയ പ്രസ്ഥാനത്തിൽ സജീവമായിരുന്ന ഇന്ദിരാ പ്രിയദർശിനി, സ്വാതന്ത്രത്തിനായി പോരാടിയ ഒരു തലമുറയുടെ പ്രതീകമായി മാറി. അച്ഛനും മുത്തച്ഛനും സ്വാതന്ത്ര്യ സമരത്തിന്റെ മുന്നണിയിലേക്കു എടുത്തു ചാടി ജയിലറയിലായി. രോഗിയായ അമ്മയുടെ അടുത്തു പോകാൻ പോലും അനുവദിക്കാതിരുന്ന ഇന്ദിരാ പ്രിയദർശിനി കുരുന്നായിരുന്നപ്പോൾത്തന്നെ വാനരസേനയുണ്ടാക്കി സ്വാതന്ത്ര്യ സമരത്തിന്റെ ഭാഗമാകാൻ വ്യഗ്രത കാണിച്ചു.
അടിയന്തിരാവസ്ഥക്കാലമൊഴിച്ചാൽ ഇന്ദിരയുടെകാലം രാജ്യത്തിന്റേയും കോൺഗ്രസ്സിന്റേയും സുവർണ്ണകാലഘട്ടമായിരുന്നു. അവർ മുന്നോട്ടുവച്ച “ഗരീബി ഹഠാവോ” എന്ന മുദ്രാവാക്യം പ്രസിദ്ധമാണ്. ബാങ്ക് ദേശ്സാൽക്കരണം പോലെ എത്രയെത്ര ഭരണ പരിഷ്കാരങ്ങളാണ് അവർ നടത്തിയത്.
സ്വാതന്ത്ര ലബ്‌ദിക്ക് ശേഷം ഇന്ത്യൻ നാഷണൽ കോൺഗ്രസിൽ സജീവമായ ഇന്ദിര 1966-ൽ ഇന്ത്യയുടെ പ്രധാനമന്ത്രിയായി. ഹരിത വിപ്ലവം, ബംഗ്ലാദേശ് സ്വാതന്ത്ര്യം, അടിയന്തരാവസ്ഥ പ്രഖ്യാപനം തുടങ്ങി ഇന്ദിരയുടെ നാൾവഴികൾ എന്നും വെല്ലിവിളികൾ നിറഞ്ഞതായിരുന്നു
ഇന്ദിരയുടെ ഉയർച്ചയും പതനവും തിരിച്ചു വരവും ഒടുവിലുണ്ടായ രക്തസാക്ഷിത്വവും ഭാരത ചരിത്രത്തിലെ അവിസ്മരണീമായ ഒരേടാണ്. നിശ്ചയദാർഢ്യം കൊണ്ടും കർമ്മ മഹിമ കൊണ്ടും അവർ നേടിയെടുത്ത ലോകത്തിലെ ഉരുക്കുവനിത എന്ന കീർത്തി ഏറെ അഭിമാനകരമായിരുന്നു.
ഇനി രാഹുൽ ഗാന്ധിയിലേക്ക് വന്നാൽ, നിലവിലെ രാഷ്ട്രീയ സാഹചര്യത്തിൽ കോൺഗ്രസിന്റെ മുഖമായ രാഹുൽ ഗാന്ധിയുടെ പ്രസക്തി വളരെ വലുതാണ്, 2009 ലോകസഭ തിരഞ്ഞെടുപ്പ് കാലയളവിൽ രാജ്യത്താകമാനം വെറും 6 ആഴ്ചകൾക്കുള്ളിൽ അദ്ദേഹം 125 റാലികൾ നടത്തി. 2024 ലോക് സഭ തിരഞ്ഞെടുപ്പിൽ മോദി നയിക്കുന്ന കേന്ദ്ര ഭരണകൂടത്തിന് അത്ര നിസ്സാരമല്ല ഇനിയും കാര്യങ്ങൾ എന്ന് രാഹുൽ ഗാന്ധി തെളിയിച്ചു. പരിഹസിച്ചവർക്ക് മുന്നിൽ തന്റെ പിന്മുറക്കാരുടെ പാത തന്നെ തനിക്കും യോജിക്കും എന്നദ്ദേഹം തെളിയിച്ചുകൊണ്ടിരിക്കുകയാണ്.
ഈ സാഹചര്യത്തിലാണ് കോൺഗ്രിസിന് ശക്തി പകറാൻ ഗാന്ധി കുടുംബത്തിലെ ഉരുക്കു വനിതാ എന്ന ലേബൽ സ്വന്തമാക്കിയ ഇന്ദിരാഗാന്ധിയുടെ പാദ പിന്തുടരാൻ കൊച്ചുമകൾ നേരിട്ടിറങ്ങിയത്. ഇപ്പോൾ ഗാന്ധി കുടുംബത്തിലെ അംഗമായി പ്രിയങ്കയുടെ വരവ് പാർട്ടിക്കാർക്ക് പുതുജീവൻ നൽകി. ഇത് പാർട്ടി പ്രവർത്തകരെ കൂടുതൽ ആവേശത്തിലാക്കും. പ്രിയങ്കയുടെ പാർലമെന്റ സാന്നിദ്യം കോൺഗ്രസ് പാർട്ടിയുടെ പൊതു ഇമേജ് മെച്ചപ്പെടുത്താൻ സഹായിക്കും. ഇത് പാർട്ടിലേക്ക് പുതിയ വോട്ടർമാരെ ആകർഷിക്കും.
അവർ സർക്കാരിനെതിരെ കൂടുതൽ വിമർശനാത്മകവും ശക്തവുമായ വാക്കുകൾ ഉയർത്തിക്കാട്ടാൻ സാധ്യതയുണ്ട്, ഇത് പാർട്ടിയുടെ രാഷ്ട്രീയ നിലപാടിനെ കൂടുതൽ ശക്തിപ്പെടുത്തുക തന്നെ ചെയ്യും.
Discussion about this post