ഓഹരിവിപണിയിൽ തകർന്നടിഞ്ഞ് അദാനി ഗ്രൂപ്പ് ഓഹരികൾ. ഗൗതം അദാനിക്കെതിരെ അമേരിക്കൻ കോടതി കേസെടുത്തതിനു പിന്നാലെ കമ്പനി ഓഹരികളുടെ തകർച്ച. ഏതാനും മിനിറ്റുകൾ കൊണ്ട് അദാനി ഗ്രൂപ്പ് ഓഹരികളിലെ നിക്ഷേപകർക്ക് 12 ലക്ഷം കോടി രൂപയുടെ നഷ്ടമാണ് ഉണ്ടായത്. പത്തുമുതൽ ഇരുപത് ശതമാനം വരെയാണ് അദാനി ഓഹരികൾ ഇടിഞ്ഞത്.
അദാനി എന്റർപ്രൈസസ്, അദാനി എനർജി സൊല്യൂഷൻസ്, അദാനി ഗ്രീൻ, അദാനി പോർട്ട് തുടങ്ങിയ ഓഹരികളുടെ വിലകൾ വ്യാപാരത്തിനിടെ 20 ശതമാനത്തോളം ഇടിഞ്ഞു. അദാനി ടോട്ടൽ ഗ്യാസ്, അദാനി പവർ തുടങ്ങിയ ഓഹരികളിൽ പതിനഞ്ചു ശതമാനത്തോളം ഇടിവുണ്ടായി. അദാനി വിൽമർ, അംബുജ സിമന്റ്സ് തുടങ്ങിയ മറ്റ് അദാനി ഗ്രൂപ്പ് ഓഹരികൾ പത്തുശതമാനത്തോളം ഇടിഞ്ഞു.
കഴിഞ്ഞവർഷം ജനുവരിയിൽ ഹിൻഡൻബർഗ് റിസർച്ച് റിപ്പോർട്ട് പുറത്തുവന്നതിനുശേഷം അദാനി ഓഹരികളിൽ ഒരുദിവസം ഉണ്ടാകുന്ന ഏറ്റവും വലിയ ഇടിവാണ് ഇന്നത്തേത്. പല അദാനി ഓഹരികളും അതിന്റെ ഒരു വർഷത്തെ ഏറ്റവും കുറഞ്ഞ നിരക്കിലാണ് വ്യാപാരം ചെയ്യപ്പെടുന്നത്. 2109 കോടി രൂപ സോളർ പദ്ധതി കരാറുകൾക്കായി ഇന്ത്യയിൽ കോഴ നൽകിയെന്ന കുറ്റത്തിലാണ് ഗൗതം അദാനിക്കെതിരെ അമേരിക്കയിൽ കുറ്റപത്രം. കോഴ നൽകിയെന്ന വിവരം രാജ്യാന്തര നിക്ഷേപകരിൽ നിന്ന് മറച്ചുവച്ചു. 1476 കോടി രൂപ നിക്ഷേപം സമാഹരിച്ചു. അനന്തരവൻ സാഗർ അദാനി ഉൾപ്പെടെ ഏഴുപേർ പ്രതിപ്പട്ടികയിൽ ഉൾപ്പെട്ടിട്ടുണ്ട്.
Discussion about this post