പാലക്കാട് 70.51 ശതമാനം പോളിങ്; പ്രതീക്ഷയോടെ മുന്നണികൾ

palakkad bypoll 2024

പാലക്കാട് വോട്ടെടുപ്പ് അവസാനിക്കുമ്പോൾ 70.51 ശതമാനം പോളിങാണ് രേഖപ്പെടുത്തിയത്. 2021ലെ നിയമസഭ തിരഞ്ഞെടുപ്പിൽ 73.71 ശതമാനം പോളിങാണ് നടന്നത്. ആ കണക്കിനെ വെച്ച് നോക്കുമ്പോൾ മൂന്ന് ശതമാനത്തോളം വോട്ടിന്റെ കുറവാണ് ഉണ്ടായിരിക്കുന്നത്.

മൂന്ന് മുന്നണികൾക്കും നിർണായകമാണ് ഈ ഉപതിരഞ്ഞെടുപ്പ്. ഷാഫി പറമ്പിലിന് ജനസ്വീകാര്യതയുള്ള മണ്ഡലം, ഭൂരിപക്ഷം ഒരിഞ്ചുപോലും കുറയാതെ നിലനിർത്തുക എന്നതാണ് യുഡിഎഫ് ലക്ഷ്യം. എണ്ണയിട്ട യന്ത്രം പോലെ, ഒറ്റക്കെട്ടായാണ് യുഡിഎഫ് നേതാക്കൾ പാലക്കാടിനായി പ്രവർത്തിച്ചത്. സന്ദീപ് വാര്യരുടെ സസ്‌പെൻസ് വരവും കോൺഗ്രസ് പ്രവർത്തകരുടെ ആവേശം വർധിപ്പിച്ചിട്ടുണ്ട്.

അതേസമയം പലതവണ കൈവിട്ടുപോയ മണ്ഡലം പിടിച്ചെടുക്കുക എന്നതാണ് എൽഡിഎഫ് ലക്ഷ്യം. കോൺഗ്രസ് വിട്ടുവന്ന പി സരിനെ മികച്ച രീതിയിലാണ് പാർട്ടി പാലക്കാടിൽ പ്രതിഷ്ഠിച്ചത്. കർഷകർ അടക്കമുള്ള ജനവിഭാഗത്തിന് പ്രാധാന്യമുള്ള മണ്ഡലത്തിൽ ഇപ്രാവശ്യം ജയിച്ചുകയറാമെന്നുള്ള പ്രതീക്ഷയാണ് മുന്നണിക്കുള്ളത്.

പാലക്കാട് നഗരസഭാ ഭരണം കൈപ്പിടിയിലൊതുക്കിയ ബിജെപിക്ക് നിയമസഭയിൽ കൂടി ഒരു പ്രാതിനിധ്യം കൊണ്ടുവരിക എന്നതും പ്രധാനമാണ്. 2021ൽ മെട്രോമാൻ ഇ ശ്രീധരൻ നേടിയ വോട്ടുകളും മറികടന്ന് പി കൃഷ്ണകുമാറിലൂടെ നിയമസഭാ എന്ന ഒറ്റ ലക്ഷ്യത്തിലാണ് പാർട്ടി പ്രവർത്തിക്കുന്നത്.

Exit mobile version