സംസ്ഥാനത്ത് മൂന്ന് ജില്ലകളിൽ യെല്ലോ അലേർട്ട് പ്രഖ്യാപിച്ചു. തിരുവനന്തപുരം, ആലപ്പുഴ, എറണാകുളം ജില്ലകളിലാണ് യെല്ലോ അലേർട്ട്. ബംഗാൾ ഉൾക്കടലിൽ പുതിയ ന്യൂനമർദ്ദം രൂപപ്പെട്ടതോടെയാണ് കേരളത്തിൽ മഴ ശക്തി പ്രാപിക്കുന്നത്.
സംസ്ഥാനത്ത് തുലാവർഷം ശക്തമായേക്കുമെന്ന സൂചനയുണ്ട്. ഇന്ന് ഇടിമിന്നൽ ജാഗ്രതാ നിർദ്ദേശം നൽകിയിട്ടുണ്ട്. ശബരിമലയിൽ പമ്പയിലും സന്നിധാനത്തും നിലയ്ക്കലും ഉച്ചയ്ക്കുശേഷം മിന്നലോട് കൂടിയ നേരിയ മഴയ്ക്ക് സാധ്യതയുണ്ടെന്നും കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു.
അടുത്ത അഞ്ചുദിവസം ഒറ്റപ്പെട്ട ഇടങ്ങളിൽ ഇടിമിന്നലോട് കൂടിയ മഴയ്ക്ക് സാധ്യതയുണ്ട്. 24 മണിക്കൂറിൽ 64.5 മില്ലിമീറ്റർ മുതൽ 115.5 മില്ലിമീറ്റർ വരെ മഴ ലഭിക്കും. വരുന്ന മണിക്കൂറുകളിൽ കോട്ടയം, ഇടുക്കി, പാലക്കാട് ജില്ലകളിൽ ഒറ്റപ്പെട്ടയിടങ്ങളിൽ നേരിയ മഴയ്ക്ക് സാധ്യതയുണ്ടെന്നും മുന്നറിയിപ്പുണ്ട്.
കഴിഞ്ഞദിവസം തിരുവനന്തപുരത്തും കോഴിക്കോടും ഒറ്റപ്പെട്ട ഇടങ്ങളിൽ ശക്തമായ മഴ പെയ്തിരുന്നു. തിരുവനന്തപുരത്ത് ഒറ്റപ്പെട്ട ഇടങ്ങളിൽ ശക്തമായ മഴ പെയ്യുന്ന സാഹചര്യത്തിൽ പേപ്പാറ ഡാമിൻറെയും അരുവിക്കര ഡാമിന്റെയും പരിസരത്ത് താമസിക്കുന്നവർ ജാഗ്രത പുലർത്തണമെന്ന് ജില്ലാ കളക്ടർ അറിയിച്ചിട്ടുണ്ട്. കേരള – കർണാടക തീരങ്ങളിൽ ഇന്ന് മത്സ്യബന്ധനത്തിന് തടസമില്ലെന്നും ലക്ഷദ്വീപ് തീരങ്ങളിൽ ഇന്ന് മത്സ്യബന്ധനത്തിന് പോകാൻ പാടില്ലെന്നും കേന്ദ്ര കാലാവസ്ഥാ വകുപ്പ് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.
Discussion about this post