പാലക്കാട് കോണ്‍ഗ്രസ് വനിതാ നേതാക്കളുടെ മുറിയിലെ രാത്രി പരിശോധനയിൽ റിപ്പോര്‍ട്ട് തേടി വനിതാ കമ്മിഷന്‍

Palakkad mahila congress room raid

പാലക്കാട് കള്ളപ്പണ ആരോപണത്തിന്റെ പശ്ചാത്തലത്തിൽ നടന്ന പരിശോധനയ്ക്കിടെ കോൺഗ്രസ് വനിതാ നേതാക്കളുടെ മുറിയിൽ പരിശോധന നടത്തിയ സംഭവത്തിൽ വനിതാ കമ്മിഷൻ റിപ്പോർട്ട് തേടി. വനിതാ നേതാക്കളുടെ മുറികളിൽ നടത്തിയ പരിശോധനകളുടെ വിവരങ്ങൾ അന്വേഷിച്ച് റിപ്പോർട്ട് നൽകാൻ ആവശ്യപ്പെട്ടെന്ന് വനിതാ കമ്മിഷൻ അധ്യക്ഷ പി സതീദേവി വ്യക്തമാക്കി. മഹിളാ കോൺഗ്രസ് സംസ്ഥാന അധ്യക്ഷയുടെ പരാതിയിലാണ് അന്വേഷണം.

പാലക്കാട് തെരഞ്ഞെടുപ്പ് പ്രചരണാർത്ഥം ഹോട്ടലിൽ താമസിച്ചിരുന്ന കോൺഗ്രസ് നേതാക്കളായ ഷാനിമോൾ ഉസ്മാൻ, ബിന്ദു കൃഷ്ണ എന്നിവരുടെ മുറികളിലാണ് രാത്രി പൊലീസിസ് പരിശോധന നടത്തിയത്. ഹോട്ടലിൽ ഷാനിമോൾ ഉസ്മാൻ തനിച്ചായിരുന്നപ്പോൾ ഐഡി കാർഡ് പോലും കാണിക്കാതെ വനിതാ പൊലീസിനോടൊപ്പമല്ലാതെ പുരുഷ പൊലീസ് മാത്രമായി പരിശോധനയ്‌ക്കെത്തി എന്നതായിരുന്നു പരാതി. വനിതാ പൊലീസിന്റെ സാന്നിധ്യമുണ്ടെങ്കിലേ പരിശോധിക്കാനാകൂ എന്ന് ഷാനിമോൾ ഉസ്മാൻ നിലപാടെടുത്തിരുന്നു. പുരുഷ പൊലീസ് കോൺഗ്രസിലെ വനിതാ നേതാക്കളുടെ ബാഗുകൾ പരിശോധിച്ചെന്നും ഷാനിമോളും ബിന്ദുവും ആരോപണം ഉന്നയിച്ചിരുന്നു. ഇത് സംബന്ധിച്ച വിവാദങ്ങളിലാണ് വനിതാ കമ്മിഷൻ അധ്യക്ഷൻ റിപ്പോർട്ട് ആവശ്യപ്പെട്ടിരിക്കുന്നത്.

Exit mobile version