ആത്മകഥാ വിവാദം: ഡിസി ബുക്സിനെതിരെ വക്കീൽ നോട്ടീസ് അയച്ച് ഇ പി

EP jayarajan dc books

ആത്മകഥാ വിവാദത്തിൽ ഡിസി ബുക്സിനെതിരെ ഇ പി ജയരാജൻ വക്കീൽ നോട്ടീസ് അയച്ചു. അഡ്വ. കെ വിശ്വൻ മുഖേനയാണ് വക്കീൽ ഇ പി നോട്ടീസ് അയച്ചത്. അറിവോ സമ്മതമോ ഇല്ലാതെയാണ് പുസ്തകം പുറത്തുവിട്ടതെന്നും പുസ്തകം പിൻവലിച്ച് മാപ്പ് പറയണമെന്നുമാണ് ഇപിയുടെ ആവശ്യം. സമൂഹത്തിൽ തേജോവധം ചെയ്യണമെന്ന് ഉദ്ദേശത്തോടുകൂടിയാണ് ആത്മകഥ പ്രസിദ്ധീകരിച്ചത്. ഉപതിരഞ്ഞെടുപ്പിൽ രാഷ്ട്രീയ എതിരാളികൾക്ക് പ്രചരണ ആയുധം നൽകുകയായിരുന്നു ലക്ഷ്യം.

ആത്മകഥ എന്ന നിലയിൽ ഡിസി ബുക്സ് പുറത്തുവിട്ട സർവ്വ പോസ്റ്റുകളും ആത്മകഥാ ഭാഗങ്ങളും പിൻവലിക്കണം. നിർവ്യാജം ഖേദം പ്രകടിപ്പിച്ച് തെറ്റ് പരസ്യപ്പെടുത്തണമെന്നും വക്കീൽ നോട്ടീസിൽ ഇ പി ആവശ്യപ്പെട്ടിട്ടുണ്ട്. ഇങ്ങനെ ചെയ്തില്ലെങ്കിൽ സിവിൽ ക്രിമിനൽ നിയമ നടപടികൾ സ്വീകരിക്കുമെന്ന് ഇ പി ജയരാജൻ വക്കീൽ നോട്ടീസിൽ വ്യക്തമാക്കിയിട്ടുണ്ട്.

നേരത്തെ ഡിജിപിക്കും ഇ പി ജയരാജൻ പരാതി നൽകിയിരുന്നു. ആത്മകഥ ഇനിയും എഴുതി പൂർത്തിയാക്കിയിട്ടില്ലെന്നും
അച്ചടിക്കാനോ പ്രസിദ്ധീകരിക്കാനോ ആരെയും ഏൽപ്പിച്ചിട്ടില്ലെന്നുമാണ് പരാതിയിൽ പറയുന്നത്. മാധ്യമങ്ങൾ വഴി പുറത്ത് വന്നത് തെറ്റായ കാര്യങ്ങളാണ്. ആത്മകഥയുടെ പേരോ കവർ പേജോ പോലും ഇതുവരെ തീരുമാനിച്ചിട്ടില്ലെന്നും പരാതിയിലുണ്ട്. ഡിജിപിക്ക് നൽകിയ പരാതിയിൽ പക്ഷെ ഇപി ജയരാജൻ ഡിസി ബുക്സിൻ്റെ പേര് പരാമർശിച്ചിരുന്നില്ല.

കട്ടൻചായയും പരിപ്പുവടയും എന്ന പേരിൽ കഴിഞ്ഞ ദിവസമാണ് ഡിസി ബുക്സ് ഇ പി ജയരാജന്റെ ആത്മകഥയുടേതെന്ന പേരിൽ കവർചിത്രം പുറത്ത് വിട്ടത്. പാർട്ടിക്കെതിരെയും രണ്ടാം പിണറായി സർക്കാരിനെതിരെയും രൂക്ഷവിമർശനമാണ് പുസ്തകത്തിലുള്ളതെന്നായിരുന്നു പുറത്ത് വന്നിരുന്ന വിവരം.

Exit mobile version